weather 23/07/25 : ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തിനകം പുതിയ ന്യൂനമർദ്ദം, വിഫ ദുർബലമായി ബംഗാൾ ഉൾക്കടലിൽ എത്തും
ബംഗാൾ ഉൾക്കടലിൽ രണ്ടുദിവസത്തിനകം പുതിയ ന്യൂനമർദ്ദം (low pressure area) രൂപപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് കാരണമായിരുന്ന ചൈന കടലിലെ വിഫ (Typhoon WIPHA) ചുഴലിക്കാറ്റ് വിയറ്റ്നാമിലും മറ്റും
കരകയറി ശക്തി കുറഞ്ഞു വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് ബംഗാൾ ഉൾ കടലിലേക്ക് നീങ്ങുകയാണ്. വിഫ ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് കാരണമാകും.
ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്ത് മഴ സജീവമായി തുടരുന്നു. മുംബൈ മുതൽ തിരുവനന്തപുരം വരെയുള്ള മേഖലകളിലാണ് മഴ തുടരുന്നത്. ഇതോടൊപ്പം ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും മഴ തുടങ്ങി. ഒഡീഷ തീരത്ത് ന്യൂനമർദ്ദത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നതു മൂലമാണിത്.
കേരളത്തിൽ ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്കുള്ള അറിയിപ്പിലാണ് അലർട്ട് പുതുക്കിയത്. കാസർകോട് ജില്ലയിൽ ചെറുവത്തൂരിന് സമീപം മായിച്ചയിൽ ദേശീയ പാതയ്ക്ക് വേണ്ടി ചെത്തിയ വീരമലകുന്ന് ഇടിഞ്ഞുവീണു.
ചെറുവത്തൂർ, മjയ്യിച്ച വീരമല കുന്ന് ഇടിഞ്ഞു താണു. വാഹനങ്ങൾ ഉള്ളിൽ പെട്ടതായി സംശയം. വീരമല കുന്ന് വൻതോതിൽ ഇടിഞ്ഞു വീണു. ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു . ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.ചന്തേര പൊലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ പാതയിൽ നിന്നും മണ്ണ് നീക്കാൻ ശ്രമം നടക്കുന്നു. മണ്ണിനടിയിൽ വാഹനം അകപെട്ടിട്ടുണ്ടോയെന്ന് സംശയം. ഇനിയും ഇടിയാൻ സാധ്യത ഏറെ ഉണ്ട്.ദേശീയ പാതയിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്.
നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം പുനസ്ഥാപിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടക്കുന്നു.
ഇന്ന് കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇതിൽ കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്. മറ്റന്നാൾ മുതൽ വീണ്ടും വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നീരൊഴുക്ക് പരിധി കവിഞ്ഞതിനെ തുടർന്ന് പത്തനംതിട്ട അച്ചൻകോവിലിൽ സംസ്ഥാന ജല വിഭവ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ വടക്കൻ ജില്ലകളിലെ മഴ കുറയുകയും വെയിൽ തെളിയുകയും ചെയ്തിട്ടുണ്ട്. രാവിലെ വടക്കൻ ജില്ലകളിൽ മഴയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷവും തെക്കൻ ജില്ലകളിൽ മഴ തുടരുകയാണ്.