പ്രളയഭീതിയിൽ ഡൽഹി; യമുനയിൽ ജലനിരപ്പ് ഉയരുന്നു, മഴ ശക്തമാകുമെന്ന് ഐ എം ഡി

ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് വീണ്ടും അപകട രേഖയ്ക്ക് മുകളിൽ ആയതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം നൽകി സർക്കാർ. അതേസമയം മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ രാത്രി ഒൻപതോടെ യമുനയിലെ ജലനിരപ്പ് 206.42 മീറ്ററായി ഉയർന്നു. ഡൽഹി പഴയ റെയിൽവേ പാലത്തിന് മുകൾ തട്ടുവരെ വെളളമെത്തി.

 യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയര്‍ന്നതോടെ ഓള്‍ഡ് യമുന ബ്രിഡ്ജ് അടച്ചു. ട്രെയിന്‍ ഗതാഗതം വഴിതിരിച്ചു വിട്ടു.
ട്രെയിനുകള്‍ ന്യൂഡല്‍ഹി വഴിയാണ് തിരിച്ചുവിടുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പ്രളയ ഭീതിയിലാണ് ഡൽഹി. ശനിയാഴ്ച രാത്രി 10 വരെ യമുനയിലെ ഏറ്റവും ഉയർന്ന നില 205.02 മീറ്ററായിരുന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് രണ്ട് ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്. ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് തുറന്നുവിട്ട അധികജലം ഏകദേശം 36 മണിക്കൂറിനുശേഷമാണ് ഡൽഹിയിലെത്തിയത്.

ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് അധിക ജലം യമുനയിലേക്ക് ഒഴുക്കി വിട്ടതോടെ ‍ഡൽഹി സർക്കാർ അതീവ ജാ​ഗ്രതയിലാണെന്ന് റവന്യൂ മന്ത്രി അതിഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജലനിരപ്പ് 206.7 മീറ്ററായി ഉയർന്നാൽ യമുനയുടെ അടുത്തുളള താഴ്ന്ന പ്രദേശങ്ങളായ യമുന ബസാർ, യമുന ഖാദർ അടക്കമുളളവ വെള്ളത്തിനടിയിലാകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഉയർന്ന വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ നാലോ അഞ്ചോ ദിവസമായി ജലനിരപ്പിൽ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലൈ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉത്തർപ്രദേശിലെ നോയിഡയിൽ ഹിൻഡൻ നദിയിലെ ജലനിരപ്പ് 200 മീറ്ററിലേക്ക് ഉയർന്നു. ഇതേത്തുടർന്ന് നോയിഡയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടത്തെ അഞ്ചു ​ഗ്രാമങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇവിടെ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ഒഴിപ്പിച്ച് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി.

അതേസമയം, യുപിയിലെ ഗാസിയാബാദിലെ ഹിൻഡോൺ തീരത്ത് സ്ഥിതി ചെയ്യുന്ന കർഹേര ഗ്രാമത്തിൽനിന്ന് അൻപതിലധികം പേരെ ദേശീയ ദുരന്തപ്രതികരണ സേന രക്ഷപ്പെടുത്തി. എട്ടടിയിലധികം വെള്ളം കെട്ടിക്കിടക്കുന്ന ഗ്രാമത്തിലെ താമസക്കാരെ മാറ്റാൻ ദേശീയ ദുരന്തപ്രതികരണ സേനയും (എൻഡിആർഎഫ്) സാഹിബാബാദ് പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഒരാഴ്ചയിലേറെയായി തുടരുന്ന വെളളപ്പൊക്കത്തിൽ 27,000-ത്തിലധികം ആളുകളെയാണ് ഇതുവരെ മാറ്റിമാർപ്പിച്ചത്.

ഗുജറാത്തിലും മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം മഴ ലഭിച്ച ജുനഗഢ് ജില്ലയില്‍ പ്രളയ സാഹചര്യമാണ് ഉള്ളത്. വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒലിച്ച് പോയി. വിവിധ സംഭവങ്ങളിലായി ആറ് പേര്‍ക്ക് സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായെന്നാണ് റിപ്പോർട്ട്.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment