മുംബൈയ്ക്ക് സമീപം കടലെടുത്തത് 55 ഹെക്ടർ

പ്രവചനങ്ങൾ പോലെ മുംബൈ നഗരത്തെ ഭാവിയിൽ കടലെടുക്കുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുകയാണ് സമീപത്തെ തീരദേശ ജില്ലയായ റായ്ഗഡിലെ സ്ഥിതി. റായ്ഗഡിലെ ദേവ്ഘറിലുള്ള 55 ഹെക്ടർ തീരം 30 വർഷത്തിനിടെ കടലെടുത്തെന്ന് പുണെ സൃഷ്ടി കൺസർവേഷൻ ഫൗണ്ടേഷൻ (എസ്‌സിഎഫ്) പഠനത്തിൽ കണ്ടെത്തി. മണൽത്തിട്ടകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശം 1990 നും 2022 നും ഇടയിലാണ് കടൽ വിഴുങ്ങിയത്.
മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തീരപ്രദേശങ്ങൾക്കു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രനിരപ്പ് ഉയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പല തീരപ്രദേശങ്ങളിലും ഉപ്പുവെള്ളം കയറുന്നതു കാരണം കൃഷിഭൂമിയിലും കണ്ടൽക്കാടുകൾ വളരുന്നു. ചിലയിടങ്ങളിൽ വലിയ മണ്ണിടിച്ചിലിനു കാരണമാകുന്നു.
തീരപരിപാലന നയം കാര്യക്ഷമമാക്കുക, കടൽഭിത്തികളുടെ ഫലശേഷി അവലോകനം ചെയ്യുക, കടലിടുക്കുകളിൽ ആഴം നിലനിർത്തുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതികളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ പഠനം നിർദേശിക്കുന്നു.

2050 ന് അകം ദക്ഷിണ മുംബൈയുടെ വലിയൊരു ഭാഗം കടലെടുത്തേക്കാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നഗരസഭാ കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റും നരിമാൻ പോയിന്റും കഫെ പരേഡുമൊക്കെ കടൽ വിഴുങ്ങാമെന്നും 25-30 വർഷം എന്നത് ഏറെ അകലെയല്ലെന്നും ആയിരുന്നു ഓർമപ്പെടുത്തൽ. അടിക്കടി വരുന്ന ചുഴലിക്കാറ്റുകൾ, അമിത മഴ എന്നിവയൊക്കെ ജാഗ്രതയോടെ കാണണമെന്നും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രത്യേക കർമപദ്ധതി ഇല്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമാകുമെന്നാണ് ഓരോ പഠനവും ഓർമിപ്പിക്കുന്നത്.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment