മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു ; രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് നൽകി തമിഴ്നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് വീണ്ടും രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 138 അടിയിലെത്തിയതിനെ തുടര്‍ന്നാണിത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതിനെ തുടര്‍ന്നാണ് വീണ്ടും ജലനിരപ്പ് 138 അടിയായത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്തതാണ് വെള്ളം കൊണ്ടുപോകുന്നത് കുറയ്ക്കാന്‍ കാരണം. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ദുരന്ത നിവാരണ അതോരിറ്റിക്ക് തമിഴ്‌നാട് രണ്ടാമത്തെജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലാമത്തെ ജാഗ്രത മുന്നറിയിപ്പാണ് ഇന്നലെ നല്‍കിയിട്ടുള്ളത്. തമിഴ്‌നാട് വെള്ളം കൊണ്ടുപോകാതിരിക്കുമ്പോള്‍ ജലനിരപ്പ് ഉയര്‍ന്നും പിന്നീട് പെന്‍സ്റ്റോക്ക് തുറക്കുമ്പോള്‍ ജലനിരപ്പ് താഴുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിപ്പോഴുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു സെക്കണ്ടില്‍ 1702 ഘനയടിയായി തുടരുന്നു.
അതേസമയം പെന്‍സ്റ്റോക്കിലൂടെ ഒരു തുള്ളി വെളളം പോലും ഇന്നലെ മുതല്‍ ഒഴുക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേനി ജില്ലയിലെ അണക്കെട്ടുകളും ചെക്കു ഡാമുകളും ഇപ്പോള്‍ ജലസമൃദ്ധമാണ്. തമിഴ്‌നാട്ടില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് വെളളം കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിട്ടുള്ളതെന്നും തമിഴ്‌നാട് വ്യക്തമാക്കുന്നു. അപ്പര്‍ക്യാമ്പിലെ ഫോര്‍ബേ ഡാമില്‍ നിന്നും ഇരച്ചില്‍ പാലം കനാലിലൂടെ ഇടയ്ക്കിടെ വെള്ളം തുറന്ന് വിടുന്നുണ്ട്.