മഴ: മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും, തൃശൂരില്‍ വീടു തകര്‍ന്നു, ട്രെയിന്‍ ഗതാഗതം വൈകുന്നു
മുല്ലപ്പെരിയാര്‍ ഡാം നാളെ (ഞായര്‍) തുറക്കും. രാവിലെ 10 നാണ് ഡാം തുറക്കുകയെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികല്‍ സ്വീകരിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നുവിടുക. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 883 കുടുംബങ്ങളിലെ 3220 പേരെ കഴിഞ്ഞ ദിവസം മാറ്റിപാര്‍പ്പിച്ചിരുന്നു.
ഏലപ്പാറ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ആനവിലാസം. ഉടുമ്പന്‍ചോല, പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് 20 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. 136 അടിയാകുമ്പോഴാണ് ഡാം തുറക്കാന്‍ തീരുമാനിക്കുക.
അതിനിടെ കനത്ത മഴയില്‍ തൃശൂരില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. റെയില്‍വേ ട്രാക്കിലെ മണ്ണ് ഒലിച്ചുപോയി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
അകമലയില്‍ കനത്തമഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് റെയില്‍വെ ട്രാക്കിലെ മെറ്റലും മണ്ണും ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് റെയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാളത്തില്‍ കാര്യമായ കുലുക്കം അനുഭവപ്പെട്ട വിവരം ലോക്കോ പൈലറ്റുമാര്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ട്രാക്കിലെ പ്രശ്‌നം കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് 4.30നാണ് മെറ്റലും മണ്ണും ഒലിച്ചുപോയത് ശ്രദ്ധയില്‍പ്പെടുന്നത്. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് പ്രശ്‌നം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് 30ന് മണ്ണിടിഞ്ഞ് റെയില്‍വെ ട്രാക്കിലെത്തി പാളം തകരാറിലായതിന്റെ സമീപത്താണ് ഇത്തവണയും പ്രശ്‌നമുണ്ടായത്.
റെയില്‍വെ ജീവനക്കാരെത്തി പാളം ശരിയാക്കുന്നതിനുളള നടപടി പുരോഗമിക്കുന്നു. ഇതിനിടയില്‍ വടക്കോട്ടുളള ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകള്‍ കടത്തിവിട്ടു.
സംഭവത്തെ തുടര്‍ന്ന് തൃശൂരിലേക്കുള്ള ട്രെയിനുകള്‍ വൈകി.
ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് (12201), നിലമ്പൂര്‍ റോഡ്- കോട്ടയം എക്‌സ്പ്രസ് (16325), മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്- പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകിയത്.
തൃശൂരില്‍നിന്ന് വൈകിട്ട് 5.30ന് ഷൊര്‍ണൂരിലേക്കു പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിന്‍ വൈകിട്ട് ഏഴരയ്ക്കാണ് പുറപ്പെട്ടത്. ഷൊര്‍ണൂര്‍നിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിന്‍ 29ന് പുലര്‍ച്ചെ 1.10നു പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
English summary: Heavy rain alerts: Mullaperiyar Dam to open tomorrow, house collapse in Thrissur, and train services delayed. Stay updated on the latest developments.