തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വടക്കോട്ടുള്ള പുരോഗതി മന്ദഗതിയിൽ. ജൂൺ 11 ന് രത്നഗിരി വരെ പുരോഗമിച്ച കാലവർഷം പിന്നീട് വടക്കോട്ട് നീങ്ങിയില്ല. ജൂൺ 10 ന് മഹാരാഷ്ട്രയുടെ പകുതിയും ജൂൺ 15 ന് മഹാരാഷ്ട്ര മുഴുക്കെയും സാധാരണ രീതിയിൽ കാലവർഷം വ്യാപിക്കണം. എന്നാൽ കഴിഞ്ഞ ഒൻപതു ദിവസമായി രത്നഗിരിയിൽ തുടരുകയാണ് കാലവർഷം
കർണാടകയിൽ കൂടുതൽ ഇടങ്ങളിലെത്തി
ഇന്ന് (തിങ്കൾ) കാലവർഷം കർണാടകയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ആന്ധ്രാപ്രദേശ്, പടിഞ്ഞാറ് മധ്യ, വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ബംഗാൾ, ജാർഖണ്ഡ് , ബിഹാർ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ, ഹിമാലയൻ, വെസ്റ്റ് ബംഗാൾ, സിക്കം എന്നിവയുടെ ശേഷിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
വടക്കുകിഴക്ക് തീവ്രമഴ
കാലവർഷത്തിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് ശക്തമാണ്. അറബിക്കടൽ ബ്രാഞ്ചിനാണ് ന്യൂനമർദവും ചുഴലിക്കാറ്റും മൂലം ശക്തിക്ഷയിച്ചത്. അതിനാൽ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് മഴ നൽകുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. അസം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളിൽ തീവ്രമഴക്കുള്ള സാധ്യതയുണ്ട്.
#WATCH Rajasthan | Ajmer's Jawaharlal Nehru Hospital flooded following heavy rainfall in the city. (18.06) pic.twitter.com/eOOVNF39sE
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 18, 2023
അസമിലും മേഘാലയയിലും അടുത്ത രണ്ടു ദിവസം മഴ തുടരും. ജാർഖണ്ഡിന്റെ വടക്കുകിഴക്കൻ മേഖലയിലും ബിഹാറിന്റെ മറ്റു മേഖലകളിലും മഴയെത്തും. ബിപർജോയ് ചുഴലിക്കാറ്റ് രാജസ്ഥാന് മുകളിൽ ന്യൂനമർദമായി നിലകൊള്ളുന്നതിനാൽ രാജസ്ഥാനിൽ രണ്ടു ദിവസം കൂടി മഴ തുടരും. കഴിഞ്ഞ ദിവസത്തെ മഴയിൽ അജ്മീർ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ വെള്ളം കയറി.