മണ്‍സൂണ്‍ ബ്രേക്കിലേക്ക്, മണ്‍സൂണ്‍ മഴപാത്തി ഹിമാലയന്‍ താഴ്‌വരയിലെത്തി
മണ്‍സൂണ്‍ മഴ പാത്തി (monsoon trough) ഹിമാലയന്‍ മേഖലയിലേക്ക് നീങ്ങിയതോടെ കേരളത്തില്‍ ഉള്‍പ്പെടെ മഴ കുറയും. മണ്‍സൂണ്‍ ബ്രേക്ക് എന്നറിയപ്പെടുന്ന ഏതാനും ദിവസത്തേക്ക് മഴ കുറയുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുന്നതാണിത്. കര്‍ക്കിടക മാസത്തിലെ 10 വെയില്‍ ദിനങ്ങള്‍ എന്നു പറയുന്നത് പലപ്പോഴും മണ്‍സൂണ്‍ ബ്രേക്ക് സമയത്താണ് സംഭവിക്കുന്നത്.

ഇത്തവണ ന്യൂനമര്‍ദങ്ങളുടെയും മറ്റും കാരണത്താല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ സജീവമായി തുടരുകയായിരുന്നു. കാലവര്‍ഷം പകുതി പിന്നിട്ട ശേഷമാണ് ബ്രേക്ക് സാഹചര്യം ഒരുങ്ങുന്നത്. ഇന്നാണ് മണ്‍സൂണ്‍ മഴ പാത്തി ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മേഖലയിലേക്ക് നീങ്ങിയത്. ഇതോടെ വരും ദിവസങ്ങളില്‍ ഹിമാലയന്‍ മേഖലയില്‍ തീവ്രമഴക്കും മേഘവിസ്‌ഫോടനത്തിനും സാധ്യതയുണ്ട്.
അതിനാല്‍ ഹിമാലയന്‍ മേഖലയിലേക്കുള്ള യാത്രകള്‍ വരും ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത വേണ്ടിവരും. അതേസമയം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ മഴ കുറയും. കേരളത്തില്‍ നാളെ (വ്യാഴം) ഉള്‍പ്പെടെ വെയില്‍ ദിനങ്ങളാകും. എന്നാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യത.
എന്താണ് മണ്‍സൂണ്‍ ബ്രേക്ക് ?
മണ്‍സൂണ്‍ കാലത്തെ പ്രത്യേക പ്രതിഭാസമാണിത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിന്റെ സാധാരണ സമയമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് മഴ നല്‍കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ മഴക്ക് ഒരു താല്‍ക്കാലിക ഇടവേളയുണ്ടാകും. ഇതിനെയാണ് മണ്‍സൂണ്‍ ബ്രേക്ക് എന്ന് പറയുന്നത്. സാധാരണയായി ഈ പ്രതിഭാസം ജൂലൈ അവസാനത്തിലോ ഓഗസ്റ്റ് മാസത്തിലോ ആണ് സംഭവിക്കാറുള്ളത്.
ഈ സമയത്ത്, മണ്‍സൂണ്‍ ട്രഫ് അഥവാ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദ പാത്തി ഹിമാലയന്‍ താഴ്‌വരകളിലേക്ക് മാറും. അതോടെ വടക്കേ ഇന്ത്യയിലെ സമതലങ്ങളില്‍ മഴ കുറയും, എന്നാല്‍ ഹിമാലയന്‍ താഴ്‌വരകളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും കനത്ത മഴ ലഭിക്കും. ഈ സമയത്ത് തെക്കേ ഇന്ത്യയില്‍ മഴ കുറവായിരിക്കും.
മണ്‍സൂണ്‍ ബ്രേക്ക് ഏതാനും ദിവസങ്ങള്‍ മുതല്‍ രണ്ടാഴ്ച വരെ നീണ്ടുനിന്നേക്കാം. ഇത് ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും ജലലഭ്യതയെയും വലിയ രീതിയില്‍ ബാധിക്കാറുണ്ട്. അതേസമയം മഴ ഇടവേള ലഭിക്കുന്നത് ആളുകള്‍ക്ക് അവരുടെ ദൈന്യംദിന ജീവിത പ്രവൃത്തികള്‍ നടത്താനും കാര്‍ഷിക ജോലിക്കും നല്ലൊരു ഇടവേള നല്‍കും. യാത്രകള്‍ക്കും മ്റ്റു പരിപാടികള്‍ക്കും ഈ സമയം ഉപയോഗിക്കാം.
Summary : monsoon break as the rains reach the Himalayan foothills.