South West Monsoon 2025: കാലവർഷം ഇന്ന് ആൻഡമാൻ ദ്വീപിലെത്തും, 4 ദിവസത്തിനകം അറബിക്കടലിൽ

South West Monsoon 2025: കാലവർഷം ഇന്ന് ആൻഡമാൻ ദ്വീപിലെത്തും, 4 ദിവസത്തിനകം അറബിക്കടലിൽ

2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തും. ഇന്ത്യയുടെ മേഖലയിൽ ആദ്യം കാലവർഷം എത്തുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആണ്. സാധാരണ കാലവർഷം എത്തുന്നതിന്റെ ഒരാഴ്ച മുമ്പാണ് ഇത്തവണ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കാലവർഷം ആൻഡമാൻ ദ്വീപിൽ എത്തുന്നതിനുള്ള അന്തരീക്ഷ ഘടകങ്ങൾ പൂർത്തിയായി വരികയാണ്.

ശക്തമായ മേഘ രൂപീകരണം (convection) ഈ മേഖലകളിൽ ദൃശ്യമാണ്. ഇടിയോടുകൂടെ മഴയും (Thunderstorm) കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശങ്ങളിൽ ഉണ്ട്. കാറ്റിൻ്റെ ഗതിയും വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗതയും ഉൾപ്പെടെ കാലവർഷം സ്ഥിരീകരിക്കാൻ അനുകൂലമായ മാനദണ്ഡങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ വിവിധ മേഖലകളിലേക്കും തെക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം ഇന്ന് എത്തും എന്നാണ് Metbeat Weather ലെ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

അറബിക്കടലിൽ 4 ദിവസത്തിനകം എത്തും

ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിയശേഷം അറബിക്കടൽ ബ്രാഞ്ചും പുരോഗമിക്കും. കാലവർഷം രണ്ടു ബ്രാഞ്ചുകളിലായി ആണ് പ്രവർത്തിക്കുന്നത്. ഇതിൽ അറബിക്കടൽ ബ്രാഞ്ച് ആണ് കേരളത്തിൽ ഉൾപ്പെടെ മഴ നൽകുന്നത്. ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് ആണ് ആൻഡമാൻ നിക്കോബാർ ദ്വീപിലും മറ്റും മഴ നൽകുന്നത്.

അറബിക്കടലിൽ അടുത്ത നാല് ദിവസത്തിനകം കാലവർഷക്കാറ്റ് സജീവമാകും. അറബിക്കടലിലും കാലവർഷത്തിന്റെ ഭാഗമായി മേഘരൂപീകരണം നടക്കുന്നുണ്ട്. ഇതിനാൽ കേരളത്തിൽ ഉച്ചയ്ക്ക് ശേഷം കാലവർഷത്തിന്റെ സ്വഭാവമുള്ള മഴ ലഭിച്ചേക്കും.

കാലവർഷക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് എത്തുന്നു

മാലദ്വീപ്, കന്യാകുമാരി കടൽ, തെക്കൻ അറബിക്കടൽ മേഖല എന്നിവിടങ്ങളിലേക്ക് അടുത്ത നാല് ദിവസത്തിനകം കാലവർഷക്കാറ്റ് എത്തും എന്നാണ് ഇപ്പോഴത്തെ സൂചന. ഈ പ്രദേശങ്ങളിൽ കാലവർഷക്കാറ്റ് പുരോഗമിച്ച ശേഷമാണ് ഇന്ത്യയുടെ കരഭാഗത്ത് കേരളത്തിൽ കാലവർഷം onset ആകുക.

കേരളത്തിൽ എത്തുന്നത് നേരത്തെ

സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തേണ്ടത്. കഴിഞ്ഞ വർഷം മെയ് 31നാണ് കാലവർഷം എത്തിയത്. എന്നാൽ ഇത്തവണ മെയ് 27ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് 24 ഓടെ തന്നെ കേരളത്തിൽ കാലവർഷത്തിന്റെ ഭാഗമായ മഴ ലഭിക്കുമെങ്കിലും കാലവർഷം എത്തി എന്ന സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർത്തിയാകാൻ രണ്ടുദിവസം കൂടി കാത്തു നിൽക്കേണ്ടിവരുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ അനുമാനിക്കുന്നത്.

കേരളത്തിൽ ഇന്നും ശക്തമായ മഴ

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്നലെ വിവിധ ജില്ലകളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കൂടുതൽ കല്ലുകൾ താഴേക്ക്  പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം  നിരോധിച്ച് ജില്ലാ കലക്ടർ  ഉത്തരവായി.

മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കേണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ ആ പ്രദേശങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ ഉണ്ടോ എന്ന് മനസ്സിലാക്കണം. മഴക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഇത്തവണ കാലവർഷം കേരളത്തിൽ എത്തുന്നതിനു മുൻപായി ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ തുടക്കത്തിൽ മൺസൂൺ ശക്തമാക്കാനും സാധ്യതയുണ്ട്.

അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മഴ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം.

English Summary: South West Monsoon 2025: latest insights on the South West Monsoon 2025, arriving in the Andaman Islands today and forecasted to reach the Arabian Sea in just four days.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020