ഉരുൾപൊട്ടലിനെ തുടർന്ന് മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ കല്ലാറിനും കൂനൂരിനും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്.
ഉരുൾപൊട്ടലിനെ തുടർന്ന് റെയിൽപാളത്തിലേക്ക് പാറക്കല്ലുകളും മരങ്ങളും ചെളിയും വീണതോടെയാണ് സർവീസ് നിർത്തിവെച്ചത്.മേട്ടുപ്പാളയം-ഉദഗമണ്ഡലം മീറ്റർഗേജ് പാസഞ്ചർ സ്പെഷ്യൽ (ട്രെയിൻ നമ്പർ 06136), ഉദഗമണ്ഡലം-കൂനൂർ മീറ്റർഗേജ് പാസഞ്ചർ സ്പെഷ്യൽ (ട്രെയിൻ നമ്പർ 06142) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.
രണ്ട് തീവണ്ടികളിലെയും യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.റെയിൽപാളത്തിലെ തടസം നീക്കി തീവണ്ടി സർവ്വീസ് പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
06136 നമ്പർ ട്രെയിൻ സർവീസ് തുടങ്ങാനിരിക്കെ ഉരുൾപൊട്ടലുണ്ടായ വിവരത്തെ തുടർന്ന് സർവീസ് റദ്ദാക്കുകയായിരുന്നു.
ട്രാക്കിലൂടെ ഗതാഗതം അസാധ്യമായതിനാൽ മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ തീവണ്ടി ഓടിക്കാൻ സാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. ഇതോടെയാണ് മലയോര തീവണ്ടി സർവ്വീസുകൾ റദ്ദാക്കിയത്.