Metbeat weather forecast ; വടക്കൻ കേരളത്തിലും തീരദേശ കർണാടകയിലും മഴ തുടരും

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം well marked low pressure (WML) ആയി തുടരുന്നു. വടക്കൻ കേരളത്തിലും തീരദേശ കർണാടകയിലും ഗോവയിലും കൊങ്കൺ തീരത്തും മഹാരാഷ്ട്രയിലും മഴ തുടരാൻ ഇത് കാരണമാകും. തീരദേശ കർണാടക, വടക്കൻ ഉൾനാടൻ കർണാടക, തെലങ്കാന, മറാത്ത് വാഡ, കൊങ്കൺ, ഗോവ, കാസർകോട്, കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ പ്രളയ (Flash Flood) മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം വടക്കൻ ആന്ധ്രക്കും തെക്കൻ ഒഡിഷക്കും ഇടയിൽ കര കയറിയേക്കും.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ഇന്നും തുടരുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. മലപ്പുറത്ത് മഴക്ക് നേരിയ ഇടവേള ലഭിക്കും. പാലക്കാട്, തൃശൂർ ജില്ലകളിൽ മഴ ഇന്നും തുടരും. മധ്യ കേരളത്തിൽ ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്പെടും. തെക്കൻ കേരളത്തിൽ വൈകിട്ടു മുതൽ മഴ സജീവമാകും. തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരളം തീരംവരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനാൽ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ ജാഗ്രത പുലർത്തണം. പുഴകളിലെ ജലനിരപ്പ് സമീപവാസികൾ നിരീക്ഷിക്കുകയും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. മലയോരമേഖലകളിൽ രാത്രികാല യാത്രകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കിഴക്കൻ മേഖലകളിലേക്കുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും സുരക്ഷിതമല്ല. കടൽ പ്രക്ഷുബ്ദ്ധമാകുന്നതിനാൽ ബീച്ചിലും മറ്റുമുള്ള വിനോദ പ്രവർത്തനങ്ങളും സുരക്ഷിതമല്ല. കടലിൽ ഇറങ്ങി കുളിക്കരുത്.

വീടുകൾക്കും സ്കൂളുകൾക്കും സമീപം വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കുക. വെള്ളം നിറഞ്ഞ കുഴികളോ മറ്റോ ഉണ്ടെങ്കിൽ അവിടെ വടംകെട്ടിയോ മറ്റോ മുന്നറിയിപ്പുകൾ നൽകാൻ ശ്രമിക്കുക. പുഴകളിലോ തോട്ടിലോ ഇറങ്ങി കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുത്. മലയോരമേഖലയിൽ നിന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയെ തുടർന്നാണ് ഇത്. പുലർച്ചയും പ്രഭാതത്തിലും നടക്കാൻ ഇറങ്ങുന്നവർ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. അതിരാവിലെ സ്കൂളിലേക്കോ മദ്രസകളിലേക്കോ ഒറ്റയ്ക്ക് പോകുന്ന കുട്ടികളും ഇത്തരം അപകടങ്ങളിൽ ചെന്ന് പറയാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ അവരെ അനുഗമിക്കണം. വൈദ്യുതി കമ്പികൾ പൊട്ടി കിടക്കുന്നുണ്ടെങ്കിൽ അതിനടുത്തേക്ക് പോകരുത്. കെഎസ്ഇബി ഓഫീസുകളിൽ വിവരമറിയിക്കുക. കാലാവസ്ഥ വിവരങ്ങൾ അതത് സമയം അപ്ഡേറ്റ് ചെയ്യുക. ഇതിനായി ഔദ്യോഗിക കാലാവസ്ഥ ഏജൻസികളെയും സ്വകാര്യ കാലാവസ്ഥ സ്ഥാപനങ്ങളും സ്വകാര്യ കലാവസ്ഥ ഏജൻസികളും നിരീക്ഷകരും നൽകുന്ന വിവരങ്ങൾ സാകുതം വീക്ഷിക്കുക. metbeatnews.com ലും കാലാവസ്ഥ വിവരങ്ങൾ, വാർത്തകൾ ലഭ്യമാണ്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment