ജൂലൈ 3 മുതൽ 8 വരെ കേരളത്തിൽ മഴ കനക്കുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ. മഴയ്ക്കുള്ള അന്തരീക്ഷം ഒരുക്കി കാലവർഷക്കാറ്റ് അറബിക്കടലിൽ ശക്തിപ്രാപിച്ചു തുടങ്ങി. അതോടൊപ്പം ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതചുഴി ഒഡീഷയുടെ തീരത്തായി രൂപപ്പെട്ടിട്ടുണ്ട്. അത് കേരളത്തിലൂടെയുള്ള കാലവർഷക്കാറ്റിനെ സ്വാധീനിക്കുകയും മഴ സജീവമാക്കുകയും ചെയ്യും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം.
ഗുജറാത്തിൽ അതിതീവ്രമഴ
കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങിയ കാലവർഷക്കാറ്റിന്റെ സ്വാധീന ഫലമായി ഗുജറാത്തിൽ അതിതീവ്ര മഴ ലഭിച്ചു. ഉത്തരേന്ത്യയിൽ കാലവർഷം എത്തിയ ഉടനെ തന്നെ ഗുജറാത്തിലും മധ്യ ഇന്ത്യയിലും സാധാരണയേക്കാൾ കൂടുതൽ മഴ ജൂൺ മാസത്തിൽ ലഭിച്ചു. ഗുജറാത്ത് മുതൽ കേരളതീരം വരെ ഉണ്ടായിരുന്ന ന്യൂനമർദ പാത്തിയും, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഛത്തീസ്ഗഡിന്റെ ഭാഗങ്ങളിലൂടെ മധ്യപ്രദേശിൽ നിലകൊണ്ടിരുന്ന ന്യൂനമർദവും ആണ് ഗുജറാത്തിൽ കൂടുതൽ മഴ ലഭിക്കാൻ കാരണം. എന്നാൽ ന്യൂനമർദം കഴിഞ്ഞദിവസം ദുർബലപ്പെട്ടു. കാലവർഷക്കാറ്റ് ഗുജറാത്തിലേക്ക് ആകർഷിക്കുന്നത് കുറഞ്ഞു. അതോടെ കേരളത്തിൽ മഴയ്ക്കുള്ള സാഹചര്യമൊരുങ്ങി. ജൂലൈ 2ന് രാത്രി മുതൽ കേരളത്തിൽ തീരദേശ മേഖലകളിൽ മഴ ലഭിക്കും. ജൂലൈ മൂന്ന് നാളെ കൊങ്കൺ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലകളിൽ ശക്തമായ മഴയും ഉണ്ടാകും. മറ്റു ജില്ലകളെ അപേക്ഷിച്ച് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നാളെ പൊതുവേ മഴ കുറവായിരിക്കും. ബുധനാഴ്ചക്ക് ശേഷം മഴ കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും എത്തും.
അനാവശ്യ യാത്രകൾ ഒഴിവാക്കുക
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ ആവശ്യമാവും. തീരദേശ മേഖലകളിലും ശക്തമായ മഴയും വെള്ളക്കെട്ടുകളും ഉണ്ടാകും. ശക്തമായ മഴ പെയ്യാനുള്ള മേഘങ്ങൾ ഇപ്പോൾ ഇല്ലാത്തതാണ് ഇടവിട്ടുള്ള മഴക്ക് കാരണം. മേഘരൂപീകരണം മെച്ചപ്പെട്ടു തുടങ്ങിയതിനാൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴ ലഭിക്കും. ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിൽ ചിലയിടങ്ങളിൽ എങ്കിലും ജാഗ്രത പാലിക്കേണ്ടി വരുന്ന മഴയുണ്ടാകും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. ഈ ദിവസങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഔദ്യോഗിക കാലാവസ്ഥ, ദുരന്ത നിവാരണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക.