കൊല്ലം ജില്ലയുടെ തീരദേശം മുതൽ വടകര വരെയുള്ള തീരദേശത്ത് ഇന്ന് രാവിലെ മേഘങ്ങളുടെ സാന്നിധ്യം ഉണ്ട്. ഇന്നലത്തെ അപേക്ഷിച്ച് മേഘങ്ങൾ ഇന്ന് കരകയറുന്നുണ്ട്. അതുകൊണ്ട് ഈ മേഖലയോട് ചേർന്ന തീരദേശ പ്രദേശങ്ങളും ഇടനാട് പ്രദേശങ്ങളിലും ഇന്ന് പൊതുവേ മേഘാവൃതമായിരിക്കും. ഉച്ചയ്ക്കുശേഷം മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴ ആയിരിക്കും ലഭിക്കുക. തുടർച്ചയായ മഴ പ്രതീക്ഷിക്കേണ്ടതില്ല.
കാറ്റു കൂടുതൽ അനുകൂലമായ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ബിപർ ജോയ് അതിതീവ്ര ചുഴലിക്കാറ്റിന്റെ സാന്നിധ്യമുള്ളതിനാൽ കേരളതീരത്തേക്ക് എത്തുന്ന കാലവർഷകാറ്റിനു ശക്തി കുറവുണ്ട് എങ്കിലും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ ഉയരത്തിൽ വരെ കാലവർഷക്കാറ്റ് ശക്തമല്ലെങ്കിലും തുടരുന്നുണ്ട്.
അതുകൊണ്ടുതന്നെ കേരളത്തിൽ എല്ലാ മേഖലയിലും മഴയില്ലെങ്കിലും ചൂട് കുറഞ്ഞ അന്തരീക്ഷം ആയിരിക്കും ഇന്ന് ഉണ്ടാവുകയെന്ന് മെറ്റ് ബീറ്റ് വെതർ നിരീക്ഷിച്ചു. ചൊവ്വാഴ്ച വരെ കേരളത്തിൽ കാലവർഷം സജീവമായി തുടരാനാണ് സാധ്യത. അതിനുശേഷം മഴയ്ക്ക് താൽക്കാലികം ആയിട്ടുള്ള ഒരു കുറവുണ്ടാകും.