കനത്ത ചൂടിൽ വൻ കൃഷി നാശം: കുതിച്ചുയർന്ന് കുഞ്ഞൻ കാന്താരി വില

ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയ തോതിൽ നശിച്ചു. ഉൽപാദനത്തിലും വൻ കുറവ് നേരിട്ടതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി. പച്ച കാന്താരിക്ക് 500 രൂപയും ഉണക്ക കാന്താരിക്ക് 1400 രൂപയും ആണ് വർദ്ധിച്ചിരിക്കുന്നത്. വേനൽ കടുത്തതോടെ ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയതോതിൽ നശിച്ചിരുന്നു. ഇതാണ് വില വർധനവിന് കാരണം. നവംബറിൽ 250 രൂപയായിരുന്നു പച്ച കാന്താരിയുടെ വില ഉണക്ക കാന്താരിക്ക് 700 രൂപയായിരുന്നു.

മികച്ച വിളവ് ലഭിക്കുന്ന തൈകൾ ലഭിക്കുന്നതിനാലും കൃഷി പരിപാലനത്തിന് വലിയ ബുദ്ധിമുട്ടില്ലാത്തതും കാന്താരി കൃഷി ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. വീട്ടമ്മമാരും വിദ്യാർത്ഥികളും വരെ വീട്ടുപരിസരത്ത് കൃഷി ചെയ്തിരുന്നു. ആയുർവേദ കമ്പനിക്കാർ കമ്പോളത്തിൽ നിന്ന് കിലോ കണക്കിനാണ് കാന്താരി മുളക് വാങ്ങുന്നത്. കനത്ത ചൂടിൽ കാന്താരി തൈകൾ കരിയുകയും വിളവു കുറയുകയും ചെയ്തതോടെ കാന്താരി മുളകിന്റെ ലഭ്യത സ്വാഭാവികമായും കുറയുകയായിരുന്നു.

ഇപ്പോൾ ഹൈറേഞ്ചിൽ പുറത്തുനിന്ന് എത്തുന്ന വ്യാപാരികളാണ് കമ്പോളങ്ങളിൽ കാന്താരി വിൽപ്പന നടത്തുന്നത്. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് കാന്താരി കൃഷിക്ക് അനുകൂലമായി മാറും എന്നാണ് കർഷകരുടെ പ്രതീക്ഷ. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമായാൽ ഉൽപാദനം പഴയ നിലയിലേക്ക് വരുമെന്ന് വ്യാപാരികളും പ്രതീക്ഷിക്കുന്നു. വേനൽ മഴ പെയ്തപ്പോൾ കാന്താരി തൈ വാങ്ങുന്നവരുടെ എണ്ണം വീണ്ടും കൂടി വരുന്നുണ്ടെന്ന് നഴ്സറി ഉടമകൾ പറയുന്നു.

Leave a Comment