കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ കേസെടുത്ത് പൊലിസ്. വെള്ളിയാഴ്ച മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഞെട്ടരക്കടവ് പാലത്തിൽ വെള്ളം കയറിയിരുന്നു. അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
തുടർന്നാണ് മണ്ണാർക്കാട് ട്രാഫിക് പൊലിസ് പിഴ ചുമത്തിയത്. ബസിനു പിന്നാലെ വന്ന ജീപ്പിനെതിരേയും നടപടിയെടുത്തു. ജീപ്പ് ഓടിച്ചയാൾക്കെതിരേയും പിഴ ചുമത്തും. മനഃപൂർവം ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് പിഴയെന്ന് പൊലിസ് പറഞ്ഞു. പാലത്തിലൂടെ വരുമ്പോൾ ബസിനുള്ളിൽ 35 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പൊലിസ് സംശയിക്കുന്നത്.
