യുഎഇയിൽ സഹജീവികളെ ചേർത്തുപിടിക്കാൻ മലയാളികൾ; സഹായത്തിന് വാട്സാപ് ഗ്രൂപ്പും, മറ്റ് സമൂഹമാധ്യമങ്ങളും

യുഎഇയിൽ സഹജീവികളെ ചേർത്തുപിടിക്കാൻ മലയാളികൾ; സഹായത്തിന് വാട്സാപ് ഗ്രൂപ്പും, മറ്റ് സമൂഹമാധ്യമങ്ങളും

യുഎഇയിൽ കനത്ത മഴ തുടരുകയും ജനജീവിതം ദുസഹം ആവുകയും ചെയ്തപ്പോൾ പതിവുപോലെ ചേർത്തുപിടിക്കാൻ മലയാളികൾ ഒരുമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും whatsapp ഗ്രൂപ്പുകൾ ഉണ്ടാക്കിയും ആളുകൾ പരസ്പരം സന്നദ്ധ സേവനം നടത്തുന്നു. അർദ്ധരാത്രി കഴിഞ്ഞു തുടരുന്ന സേവന പ്രവർത്തനങ്ങൾ ഹൃദയസ്പർശിയാണ്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ കൂടാതെ രാജ്യത്ത് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുമൊക്കെ പെരുന്നാൾ ആഘോഷത്തിനും, സന്ദർശനത്തിനും എത്തിയ ഒട്ടേറെ പേർ യാത്ര ചെയ്യാൻ സാധിക്കാതെ ഇന്നലെ പാതിവഴിയിൽ പെട്ടുപോയി . വിമാനത്താവളങ്ങൾ, വിവിധ മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിൽ ഭക്ഷണം പോലും കഴിക്കാനാകാതെ ആളുകൾ കുടുങ്ങി പോയത്.  ദുബായിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡിൽ വൻ  ഗതാഗതകുരുക്ക് അനുഭവപ്പെട്ടതും ദുബായ് മെട്രോ റെ‍ഡ് ലൈൻ സർവീസ് ചില നേരങ്ങളിൽ മുടങ്ങിയതും പബ്ലിക് ബസ്, ടാക്സി എന്നിവ ലഭിക്കാത്തതും വലിയ പ്രതിസന്ധി ഉണ്ടാക്കി. താമസത്തിന് ഹോട്ടലുകൾ ലഭിക്കുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. മഴ തോർന്നാൽ ഗതാഗതം പുനരാരംഭിക്കുമെന്ന് കരുതി മണിക്കൂറുകളോളം കാത്തിരുന്ന കുറെ ആളുകൾ വേറെയും ഉണ്ടായിരുന്നു . ഇവരെയെല്ലാം സഹായിക്കാൻ ശ്രമിക്കുകയാണ് ഈ കൂട്ടായ്മകൾ. 

ശക്തമായ മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ട സഹായം ചെയ്യാൻ വേണ്ടി മലയാളികൾ ആരംഭിച്ച റെയിൻ : സപോർട്ട് യുഎഇ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പുകൾ വഴി മഴക്കെടുതിയനുഭവിക്കുന്ന നൂറുകണക്കിന് പേർക്ക് ഇതിനകം സഹായം ലഭിച്ചു കഴിഞ്ഞു. നിങ്ങളുടെ വീട്ടിൽ ഇന്ന് രാത്രി ഒരാളെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, ദയവായി സ്ഥലത്തിന്റെ ഫോൺ നമ്പർ നൽകുക എന്ന കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഒട്ടേറെ പേർ സ്ഥലവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മുന്നോട്ടു വരികയായിരുന്നു. ഇത്തരത്തിൽ സഹായം മലയാളികൾക്ക് മാത്രമല്ല, ഇതര സംസ്ഥാനക്കാര്‍ക്കും രാജ്യക്കാർക്കും ലഭിച്ചുവെന്ന് കാസർകോട് ചെറുവത്തൂർ സ്വദേശി സി.മുനീർ പറഞ്ഞു.  ഇദ്ദേഹം
ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന ദുബായിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകൻ ആണ്.

കൈക്കുഞ്ഞുമായി പാതിവഴിയിൽ മലയാളി വനിത


20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ദുബായിൽ കുടുങ്ങിയ മലയാളി യുവതിക്ക് റെയിൻ: സപോർട്ട് യുഎഇ ഗ്രൂപ്പ് വഴി സഹായമെത്തിക്കാൻ സാധിച്ചു. റോഡുകളിൽ മഴവെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ടാക്സിയോ ബസോ ഓടാത്തതാണ് ഇവർ മാളിൽ കുടുങ്ങാൻ കാരണമായത്. ആ പ്രദേശത്ത് താമസിച്ചിരുന്ന ഒരാൾ ഇവരെ താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഇതുപോലെ അജ്മാനിൽ താമസസ്ഥലത്ത് വെള്ളം കയറി പ്രതിസന്ധിയിലായവരടക്കം ഒട്ടേറെ പേരെ കൂട്ടായ്മ മണിക്കൂറുകൾക്കകം സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. അതുപോലെ ഖിസൈസ്, അൽ നഹ്ദ ഭാഗങ്ങളിൽ വാഹനങ്ങളിൽ കുടുങ്ങിയവർക്ക് സഹായം നൽകി, എമിറേറ്റ്സ് റോഡിൽ വാഹനത്തിൽ കുടുങ്ങിയ രോഗിയായ ഒരാളെ രക്ഷപ്പെടുത്തി. ഷാർജ മുവൈലയിൽ വാഹനത്തിൽ കുടുങ്ങിയ രണ്ട് കുടുംബങ്ങളെ മറ്റൊരു വാഹനത്തിൽ കെട്ടിവലിച്ചുകൊണ്ടുവന്നാണ് അവരുടെ താമസ സ്ഥലത്തെത്തിച്ചത്.

ഖിസൈസിൽ ഒരു മലയാളി തന്റെ വില്ലയിൽ മഴ ദുരിതത്തിൽപ്പെട്ടവര്‍ക്ക് താമസിക്കാൻ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ടു കുടുംബത്തിന് അൽ നഹ് ദയിലും താമസ സൗകര്യം നൽകി. പ്രതിസന്ധിയിലായവരിൽ രോഗികളും ഗർഭിണികളുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇന്നലെ അർധരാത്രി കഴിഞ്ഞും തുടർന്നു. 

പലയിടത്തും ലിഫ്റ്റ് കേടായി


ഷാർജയിൽ പലയിടത്തും മഴവെള്ളം കയറി ലിഫ്റ്റ് കേടായതിനാൽ ഓഫിസുകളിൽ ജോലി ചെയ്തിരുന്നവരെല്ലാം വളരെ കഷ്ടപ്പെട്ടാണ് താഴെയിറങ്ങിയത്. കൂടാതെ, മഴ വെള്ളം കയറിയതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടച്ചു. ഡെലിവറി നടക്കാത്തതിനാൽ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാതെ പലരും ബുദ്ധിമുട്ടുകയും ചെയ്തു. അതേസമയം, ഡെലിവറി ബോയിമാർക്ക് ഇന്നലെ വിശ്രമദിവസമായി. ശക്തമായ മഴ പെയ്യുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്നും വർക് ഫ്രം ഹോം ആക്കാൻ ശ്രമിക്കണമെന്നും അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതനുസരിക്കാതെ പുറത്തിറങ്ങിയവരാണ് കുടുങ്ങിയവരിൽ ഏറെയും.

മഴവെള്ളത്തിലിറങ്ങരുത്; അപകടമാണ്


കെട്ടിടങ്ങൾക്ക് ചുറ്റും മഴ വെള്ളം നിറഞ്ഞ് പുഴപോലെയായതിനാൽ പലിയിടത്തും കുട്ടികളുമായി കുടുംബങ്ങൾ വെള്ളത്തിലിറങ്ങി മഴ ആസ്വദിക്കുന്നത് കാണാമായിരുന്നു. ഇത് അപകടമാണെന്ന് അറിയാതെയാണ് മിക്കവരും ഇത്തരം പ്രവൃത്തിക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. മഴവെള്ളത്തിലൂടെ പകർച്ചവ്യാധികളും മറ്റും വരാനുള്ള സാധ്യത ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വൈദ്യുതാഘാതം അടക്കമുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇതിനിടെ വൈദ്യുതി ഷോക്കേറ്റ് ദുബായ് ദെയ്റ നായിഫ് ഗോൾഡ് ലാൻഡിന് പിൻവശം ഒരാൾ മരിച്ചു എന്ന ശബ്ദസന്ദേശവും മൃതദേഹം കിടക്കുന്ന ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത്തരം സംഭവങ്ങളുടെ യാഥാർഥ്യമറിയാതെ സമൂഹമാധ്യമത്തിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചാൽ കനത്ത പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, മഴയുടെ ചിത്രങ്ങൾ വാഹനമോടിക്കുമ്പോൾ പകർത്തിയാൽ 800 ദിർഹമാണ് പിഴയൊടുക്കേണ്ടി വരിക.

യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു


കനത്ത മഴ ഇന്ന് രാവിലെയും തുടരാൻ സാധ്യതയുള്ളതിനാൽ യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദുബായ്, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിൽ താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നതടക്കമുള്ള അതീവ ജാഗ്രതാ നിർദേശവും നൽകി. രാജ്യത്ത് ഇന്നും (ബുധൻ) വർക് ഫ്രം ഹോമാണ്. കൂടാതെ, സ്കൂൾ പഠനം ഓൺലൈനിലൂടെ തുടരും. എന്നാൽ അജ്മാനിൽ ഓൺലൈൻ പഠനവും ഇന്ന് ഉണ്ടാകില്ല. ശക്തമായ ഇടിമിന്നലുള്ള സമയം മൊബൈൽ ഫോണും മറ്റും കുട്ടികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണിത്.

കേരളത്തിലേക്കടക്കം വിമാനങ്ങൾ റദ്ദാക്കി


നിലവിലെ അസ്ഥിര കാലാവസ്ഥ കാരണം നാളെ രാവിലെ 10 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ദുബായുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായ് അറിയിച്ചു. അതേസമയം, കേരളത്തിലടക്കം ഇന്ത്യയിലേയ്ക്കുള്ള മറ്റു ചില വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് ഫ്ലൈറ്റ് ഇന്നലെ (ചൊവ്വ) റദ്ദാക്കിയിരുന്നു. 

∙ ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെത്താൻ
ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ പോകേണ്ടവർ നേരിട്ട്  പോകാൻ ശ്രമിക്കരുതെന്ന് അധികൃതർ പറഞ്ഞു. ലോക്കേഷനിലെത്തിയാൽ അവിടെ നിന്ന് പൊലീസ് പ്രത്യേക വാഹനത്തിൽ എയർപോർട്ടിൽ കൊണ്ട് വിടും.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെൽപ് ലൈൻ


ഷാർജയിൽ മഴക്കെടുതി അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെൽപ് ലൈൻ ആരംഭിച്ചു. നേരിട്ട് ചെന്ന് സഹായിക്കാൻ പ്രയാസമാണെങ്കിലും കഴിയുന്നരീതിയിൽ പിന്തുണ നൽകുന്നതാണെന്ന് പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പർ: 055–1980082, 055 3034412.

ഗൾഫ് കാലാവസ്ഥ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

FOLLOW US ON GOOGLE NEWS

This contant is originally published by manorama online

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment