ന്യൂനമർദം നാളെ തീവ്രമാകും; കേരളത്തിൽ മഴ തുടരും

തെക്കൻ ആൻഡമാൻ കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം അവിടെ തുടരുകയാണ്. ഈ സിസ്റ്റം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഈ മാസം 24 ഓടെ ഇത് സിത്രാങ് ചുഴലിക്കാറ്റ് ആയി മാറിയേക്കും. ഒക്ടോബർ 25ന് വടക്കൻ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലായി ചുഴലിക്കാറ്റ് കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കൂടുതൽ മഴ ലഭിക്കേണ്ടത് ഒഡീഷ, ബംഗാൾ, വടക്കൻ ആന്ധ്രപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ആണ്. ന്യൂനമർദ്ദം വടക്കൻ മേഖലയിലേക്ക് നീങ്ങുന്ന തോടെ, തെക്കൻ ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങും. ഈ മാസം അവസാനത്തോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് 2022ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം വിടവാങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അടുത്തമാസം ആദ്യവാരത്തോടെ തുലാവർഷം (വടക്കു കിഴക്കൻ മൺസൂൺ) ഔദ്യോഗികമായി എത്തിയതായി സ്ഥിരീകരിക്കാൻ കഴിയും. നേരത്തെ തുലാവർഷം ഈ മാസം 2022 നകം എത്തുമെന്നായിരുന്നു നിരീക്ഷണം. എന്നാൽ . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് കാലവർഷത്തിന്റെ വിടവാങ്ങൽ വൈകുകയായിരുന്നു. കാലവർഷം വിടവാങ്ങാൻ വൈകുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.

കേരളത്തിൽ വൈകിട്ട് മഴ തുടരും
കേരളത്തിൻറെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരും. ഒരാഴ്ച മുമ്പുള്ള നിരീക്ഷണത്തിൽ പറഞ്ഞതുപോലെ ഇത്തവണ തുലാവർഷത്തിന്റെ രീതിയിലും സ്വഭാവത്തിലും മാറ്റം പ്രതീക്ഷിക്കാം. അതിശക്തമായ മഴ കിഴക്കൻ മേഖലകളിൽ തുടരുന്നത് മലവെള്ളപ്പാച്ചിലിനും പ്രാദേശിക വെള്ളക്കെട്ടുകൾക്കും കാരണമാകും. അതിനാൽ വൈകുന്നേരങ്ങളിൽ കിഴക്കൻ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം.

Leave a Comment