ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ച ന്യൂനമർദ സാധ്യത. ഇത് കാലവർഷത്തെ ശക്തിപ്പെടുത്തിയേക്കും. ജൂൺ 25 ന് ശേഷം ജൂൺ 30 വരെ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. 12 ദിവസത്തിലേറെയായി വടക്കോട്ടുള്ള പുരോഗതി തടസ്സപ്പെട്ട മൺ സൂൺ വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനും തുടങ്ങും.
മഴകുറച്ചത് ബിപർജോയ്
ബിപർജോയ് ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദം കേരളത്തിൽ കാലവർഷക്കാറ്റിനെ എത്തിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മഴയെ ദുർബലമാക്കി. ബിപർജോയ് ഗുജറാത്ത് തീരത്തേക്ക് പ്രവേശിക്കുന്നതോടെ കേരളത്തിൽ നാലു ദിവസം മഴ കുറയുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. എന്നാൽ മഴ കുറഞ്ഞ അവസ്ഥ ഈ മാസം 25 വരെ നീളുമെന്ന് ഞങ്ങളുടെ വെതർമാൻ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിൽ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. കാലവർഷക്കാറ്റ് ശക്തിപ്പെടാത്തതാണ് മഴ കുറയാൻ കാരണം.
ശനി മുതൽ മഴ പതിയെ സജീവമാകും
ശനിയാഴ്ച മുതൽ കേരളത്തിൽ വീണ്ടും പതിയെ തിരികെ എത്താൻ തുടങ്ങും. അടുത്തയാഴ്ച കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) പടിഞ്ഞാറൻ അറബിക്കടലിൽ എത്തുന്നതും അറബിക്കടലിലെ മേഘരൂപീകരണം ശക്തമാക്കും. ഒപ്പം പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് കേരളത്തിൽ മഴക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും മെറ്റ്ബീറ്റ് വെതറിലെ മീറ്റിയോറളജിസ്റ്റ് പറയുന്നു. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ ജൂൺ 23 ന് ചക്രവാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദമായി മാറുകയും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിപ്പിക്കുകയും ചെയ്യും. കേരളത്തിനു കുറുകെയുള്ള കാറ്റിന്റെ ശക്തികൂടുന്നതും മഴ ശക്തിപ്പെടുത്തും.
ന്യൂനമർദം ഒഡിഷയിലേക്ക് പോകും
ബംഗാൾ ഉൾക്കടലിൽ നിന്ന് ന്യൂനമർദം ഒഡിഷയിലേക്ക് നീങ്ങാനാണ് സാധ്യത. കടലിൽ നിന്ന് അതിവേഗം കരയിലേക്ക് നീങ്ങുന്ന സ്വഭാവമാകും ന്യൂനമർദത്തിനുണ്ടാകുക. ഒഡിഷ, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങി ദുർബലമാകും.