ന്യൂനമർദ്ദം കരകയറി ; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ( Monsoon Low pressure) കരകയറിയതിന് പിന്നാലെ കേരളത്തിൽ ഉൾപ്പെടെ മഴ തുടരുന്നു. സ്വാതന്ത്ര്യദിന ചടങ്ങുകൾ രാവിലെ പലയിടത്തും മഴയിൽ കുതിർന്നു. എന്നാൽ കാസർകോട് ജില്ലയിൽ രാവിലെ വെയിലിൽ തെളിഞ്ഞു. ഇന്നലെ രാത്രി വൈകി കരകയറിയ ന്യൂനമർദം ഇപ്പോൾ ഒഡീഷക്ക് മുകളിലാണുള്ളത്.
തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി തുടരുന്ന ന്യൂനമർദ്ദം കേരളത്തിൽ ഉൾപ്പെടെ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് അനുകൂലമായ സാഹചര്യമൊരുക്കും. ഒറ്റപ്പെട്ട ശക്തമായ മഴ പലയിടത്തും പ്രതീക്ഷിക്കാം.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. മൺസൂൺ മഴപ്പാത്തി (Monsoon Trough ) കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഹിമാലയൻ മേഖലയിൽ നിന്ന് അല്പം വടക്കോട്ട് മാറിയിട്ടുണ്ട്. ഇതുമൂലം മഴ ശക്തിപ്പെടാനും സാധ്യതയേറി.
ഇന്ന് രാവിലെയുള്ള വിവരം അനുസരിച്ച് മൺസൂൺ മഴപ്പാത്തി (monsoon trough) ഒഡിഷക്ക് മുകളിലുള്ള ന്യൂനമർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതോടൊപ്പം അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് പടിഞ്ഞാറ് കിഴക്ക് ദിശയിലായി ഒരു ന്യൂനമർദ്ദ പാത്തിയും (west east trough ) നിലനിൽക്കുന്നു.
കേരള, കർണാടക തീരത്തും കന്യാകുമാരി കടലിലും ഇന്ന് മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് നൽകി.
വായനക്കാർക്ക് Metbeat News ൻ്റെ സ്വാതന്ത്ര്യ ദിന ആശംസകൾ