ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടു. ഒഡിഷ തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ന്യൂനമര്‍ദം കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്നതിനാല്‍ ഗുജറാത്ത്, കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര തീരത്ത് മഴ ശക്തിപ്പെടുത്തും. കര്‍ണാടകയിലും വടക്കന്‍ കേരളത്തിലും ഇടവിട്ട ശക്തമായ മഴയും കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ ഇടത്തരം മഴയും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 2-3 ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒഡിഷക്കു മുകളിലൂടെ ന്യൂനമര്‍ദം സഞ്ചരിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ കാലവര്‍ഷ പാത്തി എന്ന മണ്‍സൂണ്‍ ട്രഫ് ജയ്‌സാല്‍മിര്‍, കോട്ട, ഗുണ, ദമോഹ്, റായ്പൂര്‍ മേഖലയിലൂടെയാണ് കടന്നു പോകുന്നത്. ഇതിലേക്ക് അടുത്ത ദിവസങ്ങളില്‍ ഒഡിഷക്ക് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം കൂടി എത്തുന്നതോടെ മധ്യ ഇന്ത്യയിലും മഴ വീണ്ടും ശക്തിപ്പെടും. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി ഈ മാസം അവസാനം രൂപപ്പെടും.

വടക്കന്‍ കേരളത്തില്‍ കോഴിക്കോട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ താരതമ്യേന കുറവായിരിക്കും.

Share this post

Leave a Comment