ന്യൂനമര്‍ദം രൂപപ്പെട്ടു, ഇന്നു രാത്രി മുതല്‍ മഴ സാധ്യത, നാളെ 9 ജില്ലകളില്‍ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് ന്യൂനമര്‍ദം രൂപപ്പെട്ട വിവരം കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തിനകം ന്യൂനമര്‍ദം ശക്തിപ്പെട്ട് ശക്തികൂടിയ ന്യൂനമര്‍ദമായി മാറുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. നേരത്തെയുള്ള പ്രവചനം അനുസരിച്ച് ഇന്നായിരുന്നു ന്യൂനമര്‍ദം രൂപപ്പെടേണ്ടിയിരുന്നത്.
എന്നാല്‍ ഇന്നലെയുള്ള നിരീക്ഷണ പ്രകാരം ന്യൂനമര്‍ദം വൈകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ന്യൂനമര്‍ദം രൂപപ്പെട്ടതിനു പിന്നാലെ കേരളത്തില്‍ ഉള്‍പ്പെടെ അന്തരീക്ഷസ്ഥിതിയില്‍ മാറ്റങ്ങളുണ്ടായി. രാവിലെ മിക്കയിടങ്ങളിലും വെയിലായിരുന്നു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ മുതല്‍ പലയിടങ്ങളിലും മഴ പെയ്തു. ഓഗസ്റ്റ് 29 വരെയാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായ മഴ പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ വൈകിട്ടോടെ മഴ തുടങ്ങി. രാത്രി എല്ലാ ജില്ലകളിലും മഴക്ക് അനുകൂല അന്തരീക്ഷസ്ഥിതിയും ഉടലെടുത്തു. മണ്‍സൂണ്‍ ട്രഫും ന്യൂനമര്‍ദത്തിലേക്ക് നീളുന്നതിനാല്‍ ഉത്തരേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ ശക്തിപ്പെടും. ഒഡിഷയില്‍ വരും ദിവസങ്ങളില്‍ പ്രാദേശിക പ്രളയത്തിന് സാധ്യത. തമിഴ്നാട്, തീരദേശ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലും ഈ സിസ്റ്റത്തിന്റെ ഭാഗമായി മഴ ലഭിക്കും.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് നാളെ (27/08/25) ബുധന്‍ 9 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് നല്‍യിട്ടുണ്ട്.
Visit metbeat.com for local forecast