Low pressure formed arabian sea 08/11/23 : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കഴിഞ്ഞദിവസം ഈ മേഖലയിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് ശക്തിപ്പെട്ട് ന്യൂനമർദ്ദമായത് . ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി Metbeat News റിപ്പോർട്ട് ചെയ്തിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കുകിഴക്കൻ കാറ്റ് ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി തമിഴ്നാട്ടിലും കർണാടകയിലും വൈകുന്നേരങ്ങളിൽ തുലാവർഷ മഴ സജീവമാകും.
കേരളത്തിലെ മഴ സാധ്യത
ഇന്ന് രാവിലത്തെ Metbeat Weather ന്റെ കാലാവസ്ഥ പ്രവചനത്തിൽ പറഞ്ഞതുപോലെ തെക്ക്, വടക്ക് കേരളത്തിൽ ഇന്ന് മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഉച്ചക്ക് ശേഷവും മേഘാവൃതം ആയിരിക്കും. കണ്ണൂർ ജില്ലയിലും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലകളിലും ഭാഗികമായോ പൂർണമായോ മേഘാവൃതമാകാം.
ന്യൂനമർദ്ദം കേരളതീരത്ത് നിന്ന് അകന്നു പോകുന്നതിനാൽ തീരദേശത്ത് ഒറ്റപ്പെട്ട മഴ ഇന്നും നാളെയും ഉണ്ടാകും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇത്തരം മഴക്ക് കൂടുതൽ സാധ്യത.
മത്സ്യബന്ധനത്തിന് വിലക്കില്ല; ഉയർന്ന തിരമാല ജാഗ്രത
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ഇന്ന് രാത്രി 11: 30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം (Incois) പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരത്ത് ഒന്നു മുതൽ 1.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കും.
തെക്കൻ തമിഴ്നാട് തീരത്തിലും 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഇൻകോയിസ് അറിയിച്ചു.