ബ്രിട്ടനിൽ കടുത്ത ശൈത്യം തുടരുന്നതിനിടെ മഞ്ഞു പാളിയിൽ തെന്നി തടാകത്തിൽ വീണ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദുരന്തം. 8,10,11 വയസുള്ള ആൺകുട്ടികളാണ് മരിച്ചത്. ആറു വയസുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത ശൈത്യം, എല്ലാ വിമാനങ്ങളും റദ്ദാക്കി
കടുത്ത ശൈത്യം തുടരുന്ന ലണ്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. മഞ്ഞുവീഴ്ചയെ തുടർന്നാണിത്. മാസങ്ങൾക്ക് മുൻപ് ബ്രിട്ടനിൽ കൊടുംചൂടായിരുന്നു. അടുത്ത ഏതാനും ദിവസവും സമാനമായ കാലാവസ്ഥ തുടരുമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ വകുപ്പായ മെറ്റ് ഓഫിസ് അറിയിച്ചു. കിഴക്കൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ റോഡുകൾ അടച്ചു. യു.കെയിലെ തിരക്കേറിയ ഹൈവേയായ എം25 ലും ഗതാഗതം മുടങ്ങി.
വടക്കൻ സ്‌കോട്‌ലന്റിലാണ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. – 15.7 ഡിഗ്രിയാണ് ഇവിടത്തെ താപനില.
മഞ്ഞിൽ മൂടി തടാകങ്ങൾ
തടാകങ്ങളും മറ്റും മഞ്ഞുമൂടിയ നിലയിലാണ്. കനാലുകളും മഞ്ഞുപാളികളാൽ മൂടപ്പെട്ടു. വിമാനത്താവളങ്ങളിലും മഞ്ഞു മൂടിയ നിലയിലാണ്. ഹീത്രു വിമാനത്താവളത്തിൽ 316 വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. നിരവധി വിമാന സർവിസുകൾ വൈകിയോടുന്നു. ഇന്നലെയും 50 വിമാന സർവിസുകൾ ഹീത്രൂവിൽ റദ്ദാക്കി.