Gust wind kerala 08/11/23 : ഷൊര്‍ണൂരില്‍ മിന്നല്‍ ചുഴലി; 60 ലേറെ വീടുകള്‍ തകര്‍ന്നു
തുലാവര്‍ഷത്തിനിടെ ഷൊര്‍ണ്ണൂരിലുണ്ടായ മിന്നല്‍ ചുഴലിയില്‍ (Gust Wind) വന്‍ നാശനഷ്ടങ്ങള്‍. പ്രദേശത്തെ 60 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഉച്ചക്ക് മൂന്നോടെയാണ് മഴക്കു മുന്നോടിയായി ശക്തമായ കാറ്റെത്തിയത്. തുടര്‍ന്ന് മിന്നലും മഴയുമുണ്ടായി. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണു. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല.
ഷൊര്‍ണൂര്‍ നഗരസഭ പരിധിയിലെ മുണ്ടായയിലാണ് മിന്നല്‍ ചുഴലി നാശനഷ്ടം വരുത്തിയത്. പ്രദേശത്തെ 60 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായെന്ന് പ്രാഥമിക വിവരമെന്ന് പ്രദേശം സന്ദര്‍ശിച്ച നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് പറഞ്ഞു. ഇതില്‍ ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. പ്രദേശം വില്ലേജ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
അത് ചുഴലിക്കാറ്റല്ല, ഗസ്റ്റ് വിന്റ്
വേനല്‍മഴക്കൊപ്പം പെട്ടെന്ന് ശക്തിപ്പെടുന്ന കാറ്റിനെയാണ് ഗസ്റ്റ് വിന്റ് എന്നു പറയുന്നത്. ഇത് വേനല്‍മഴയില്‍ പതിവാണ്. ചുഴലിക്കാറ്റ് എന്നല്ല ഇവ അറിയപ്പെടുന്നത്. ചുഴലിക്കാറ്റ് കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. ഗസ്റ്റ് വിന്റ് ഏതാനും സെക്കന്റുകളോ മിനുട്ടോ മാത്രമേ നീണ്ടു നില്‍ക്കുകയുള്ളൂ.
എന്താണ് gust wind എന്ന മിന്നല്‍ ചുഴലി
തുലാ മഴയോടെയും വേനല്‍ മഴയോടെയും സാധാരണയാണ് ഗസ്റ്റ് വിന്റുകള്‍. പെട്ടെന്ന് ഏതാനും സെക്കന്റുകള്‍ നീണ്ടു നില്‍ക്കുന്ന കനത്ത നാശം ഉണ്ടാക്കുന്നവയാണ് ഇവ. ഗസ്റ്റ് വിന്റുകള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാറില്ല. ഈ കാറ്റ് ഒരു പ്രത്യേക മേഖലയില്‍ മാത്രം പ്രാദേശിക കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ഏറെ നേരം നീണ്ടുനില്‍ക്കില്ല. ഒരു ഭാഗത്തെ മരങ്ങളും മറ്റും കടപുഴക്കി കടന്നുപോകുകയാണ് ചെയ്യുക.
വരും ദിവസങ്ങളിലും ശക്തമായ കാറ്റിനു മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കുക. ശക്തമായ കാറ്റും മഴയും വന്നാല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാഹനം സൈഡില്‍ ഒതുക്കി ഏറ്റവും ഉറപ്പുള്ള കെട്ടിടത്തിലേക്ക് മാറുക. കാര്‍ ഉള്‍പ്പെടെ മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ തുറസായ സ്ഥലത്ത് വാഹനം ഒതുക്കി നിര്‍ത്തുന്നതാണ് ഉചിതം. വീടിനുള്ളില്‍ ഉള്ളവര്‍ ഒരു കാരണവശാലും വീടിനു പുറത്തേക്ക് ഇറങ്ങരുത്.