കാലവർഷമായിട്ടും മഴ കുറഞ്ഞതിനാൽ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് കുറഞ്ഞു. എല്ലാ ജലസംഭരണികളിലുമായി 14.5 ശതമാനം വെള്ളമാണ് നിലവിലുള്ളത്. കഴിഞ്ഞവർഷം ഇതേസമയം ലഭിച്ചിരുന്ന വെള്ളത്തിന്റെ പകുതി പോലുമില്ല. സാധാരണ ജൂണിൽ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഈ വർഷം ലഭിച്ചിട്ടുള്ളൂ. ജൂൺ ഒന്നു മുതൽ ജൂൺ 26 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 64 ശതമാനം മഴ കുറവ് അനുഭവപ്പെട്ടു.
കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ 1259.915 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള ജലശേഖരമുണ്ടായിരുന്നു. എന്നാല്‍ ഇന്നു രാവിലത്തെ കണക്കനുസരിച്ച് 618.292 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ശേഷിക്കുന്നത്. വലിയ സംഭരണികളായ ഇടുക്കി, ഇടമലയാര്‍, പമ്പ തുടങ്ങിയവ ഡെഡ് സ്റ്റോറേജിലേക്ക് അടുക്കുന്നതാണ് പ്രശ്‌നത്തിന്റെ തീവ്രത കൂട്ടുന്നത്. ഇടുക്കി 13.8 %, പമ്പ 10%, ഇടമലയാര്‍ 18%, പൊന്മുടി 10%, തര്യോട് 7 % എന്നിങ്ങനെയാണ് ജലനിരപ്പ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നു വരെ 657.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തുമെന്നായിരുന്നു കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നു രാവിലെ വരെ എത്തിയതാകട്ടെ 166.492 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രം. ഇടുക്കി ജില്ലയിൽ മാത്രം 73% മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 8 കേരളത്തിൽ കാലവർഷം ആരംഭിച്ചെങ്കിലും ബിപർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചില്ല.
വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും എന്നാണ് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ പ്രവചിച്ചിട്ടുള്ളത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലും കാര്യമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ മഴ ലഭിച്ചില്ലെങ്കിൽ അണക്കെട്ടുകളിലേക്ക് ആവശ്യത്തിന് വെള്ളം എത്തില്ല.ഇത് വൈദ്യുതി ഉൽപാദനം അടക്കം പ്രതിസന്ധിയിൽ ആക്കാനും സാധ്യതയുണ്ട്.