മാര്‍ച്ച് 14 ന് പൂര്‍ണ ചന്ദ്രഗ്രഹണം, ചുവന്നു തുടുത്ത രക്ത ചന്ദ്രനെ കാണാം

മാര്‍ച്ച് 14 ന് പൂര്‍ണ ചന്ദ്രഗ്രഹണം, ചുവന്നു തുടുത്ത രക്ത ചന്ദ്രനെ കാണാം

ഈ വര്‍ഷത്തെ ആദ്യ രക്ത ചന്ദ്രനെ (Blood Moon) നാളെ കാണാനാകും. ഹോളിയും 14ാം രാവുമായ നാളെ (ശനി) പൂര്‍ണ ചന്ദ്രഗ്രഹണവുമാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ കാഴ്ച കാണാന്‍ കഴിയില്ല. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ സഞ്ചരിക്കുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഗ്രഹണം കഴിഞ്ഞയുടനെ ചന്ദ്രന്‍ കടും ഓറഞ്ച് നിറത്തിലോ ചുവന്ന നിറത്തിലോ കാണുന്നതിനെയാണ് രക്ത ചന്ദ്രന്‍ എന്നു പറയുന്നത്. Red Moon എന്നും രക്തചന്ദ്രനെ വിളിക്കാറുണ്ട്.

എവിടെയെല്ലാം കാണാം

ഇന്ത്യയിലും യു.എ.ഇയിലും ഗള്‍ഫിലുമൊന്നും ഈ മനോഹര കാഴ്ച കാണാനാകില്ല. എന്നാല്‍ തല്‍ത്സമയം ഈ ദൃശ്യം ഓണ്‍ലൈനില്‍ കാണാന്‍ metbeatnews.com സൗകര്യമൊരുക്കുന്നുണ്ട്. താഴെ കൊടുത്ത വിന്‍ഡോയില്‍ ലൈവ് വിഡിയോ കാണാം. സമയമാകുമ്പോള്‍ പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

ഏറ്റവും നന്നായി രക്ത ചന്ദ്രനെ അഥവാ ബ്ലഡ് മൂണിനെ കാണാന്‍ കഴിയുക വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങള്‍ക്കാണ്. പടിഞ്ഞാറന്‍ മേഖലയില്‍ ആഫ്രിക്ക ഉള്‍പ്പെടെ ചില രാജ്യങ്ങളിലും ഈ ദൃശ്യം കാണാന്‍ കഴിയുമെന്ന് നാസ പറയുന്നു. 2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ് മൂണാണ് നാളത്തേത്.

ആഗോള ജനസംഖ്യയുടെ 13 ശതമാനം പേര്‍ക്കാണ് ഈ ഗ്രഹണം കാണാന്‍ കഴിയുക. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും വടക്കന്‍, തെക്കേ അമേരിക്ക, പസഫിക്, അറ്റ്‌ലാന്റിക് ആര്‍ട്ടിക് സമുദ്രം, കിഴിക്കന്ഡ ഏഷ്യ എന്നീ പ്രദേശങ്ങളില്‍ ബ്ലഡ് മൂണിനെ കാണാനാകും. യു.എ.ഇയില്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം നേരിട്ട് കാണാനാകില്ലെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു.

രക്തചന്ദ്രന്‍ വിവിധ ഘട്ടങ്ങള്‍

എന്താണ് രക്ത ചന്ദ്രന്‍ എങ്ങനെ ഉണ്ടാകുന്നു?

ഭൂമിയുടെ നിഴല്‍ പൂര്‍ണമായും ചന്ദ്രനില്‍ വീഴുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെന്ന് മുകളില്‍ പറഞ്ഞല്ലോ. രക്ത ചന്ദ്രന്റെ സമയത്ത് ഭൂമിയുടെ നിഴല്‍ പൂര്‍ണമായും പതിക്കുമ്പോള്‍ തന്നെ ചന്ദ്രന്‍ നിറം മാറിത്തുടങ്ങും.
ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്ന പേരു വരാന്‍ കാരണം ഇതിന്റെ നിറം തന്നെയാണ്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ കാണുന്ന ചുവപ്പു നിറത്തിലെ വൃത്തം പോലെയാകും ചന്ദ്രന്റെ മുഖവും.

വിസരണവും അപവര്‍ത്തനവും കാരണം

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തുകൂടി വളഞ്ഞ് ചന്ദ്രനില്‍ പതിക്കുകയാണ് ചെയ്യുക. ഈ രശ്മികള്‍ ചന്ദ്രനില്‍ പതിച്ച് പ്രതിഫലിക്കുമ്പോഴാണ് നമുക്ക് ചന്ദ്രന്റെ മുഖം ദൃശ്യമാകുന്നത്. എന്നാല്‍ ദൃശ്യ പ്രകാശത്തിലെ (ധവള പ്രകാശം) തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണങ്ങളായ വയലറ്റ്, ഇന്‍ഡിഗോ നീല, പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളെല്ലാം ഏതാണ്ട് പൂര്‍ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ പതിക്കാതെ പോകുന്നു. അതു കൊണ്ട് തന്നെ ആ നിറങ്ങള്‍ ചന്ദ്രനില്‍ നിന്ന് പ്രതിഫലിച്ച് ഭൂമിയില്‍ നിന്ന് നോക്കുന്ന നമ്മുടെ കണ്ണുകളിലേക്ക് വരുന്നുമില്ല.

എന്തുകൊണ്ട് ഭാഗിക ഗ്രഹണത്തില്‍ ചുവപ്പാകുന്നില്ല ?

അതിനാല്‍ ഓറഞ്ച്, ചുവപ്പ് നിറത്തിലാണ് ചന്ദ്രന്‍ ഈ സമയം കാണാന്‍ കഴിയുക. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ പൂര്‍ണമായി അദൃശ്യമാകുന്നതിന് പകരം മങ്ങിയ ചുവപ്പോ, കടും ഓറഞ്ചോ നിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്നു എന്നര്‍ഥം. എന്നാല്‍ ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം (അതായത് സൂര്യനില്‍ നിന്ന് കുറച്ച് പ്രകാശം ചന്ദ്രനില്‍ പതിക്കുന്നതു കൊണ്ട് ) നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഈ ഭാഗം കാണാന്‍ കഴിയുന്നില്ല.

നഗ്ന നേത്രം കൊണ്ട് കാണാം

ചന്ദ്രഗ്രഹണം സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചമായതിനാല്‍ നഗ്ന നേത്രം കൊണ്ട് കാണുന്നതിന് കുഴപ്പമില്ല. മറ്റു ഉപകരണങ്ങളുടെയോ ഫില്‍റ്ററുകളുടെയോ സഹായമില്ലാതെ നേരിട്ട് ചന്ദ്രനെ നോക്കുന്നത് സുരക്ഷിതമാണ്. നാളെ ചന്ദ്രന്‍ കിഴക്കായിരിക്കുമെന്നതിനാല്‍ മറവില്ലാത്ത സ്ഥലം മുകളില്‍ പറഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ കാഴ്ചയ്ക്ക് തെരഞ്ഞെടുത്താല്‍ മതി. മാര്‍ച്ച് 14 ന് 65 മിനുട്ടാണ് രക്ത ചന്ദ്രന്‍ ദൃശ്യമാകുക.

ഇന്ത്യന്‍ സമയം പകലാണ് ഗ്രഹണം നടക്കുന്നത് എന്നതിനാല്‍ നമുക്ക് കാണാനാകില്ല. മാര്‍ച്ച് 14 ന് രാവിലെ 9.29 ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകിട്ട് 3.29 നാണ് അവസാനിക്കുന്നത്. രാവിലെ 11.29 മുതല്‍ ഉച്ചയ്ക്ക് 1.01 വരെയായിരിക്കും രക്ത ചന്ദ്രന്‍ ദൃശ്യമാകുക. ഈ സമയം രാത്രിയാകുന്ന സ്ഥലങ്ങളിലെ ആളുകള്‍ക്ക് രക്ത ചന്ദ്രനെ കാണാന്‍ കഴിയും.

Tag- Join us on March 14, 2025, for a spectacular total lunar eclipse. Learn about the blood moon and how to best view this extraordinary event. Discover the celestial event of the total lunar eclipse on March 14, 2025. Witness the stunning blood moon and learn more about this astronomical phenomenon. How to Understand the Science Behind Lunar Eclipses, How to Prepare for the March 2025 Lunar Eclipse Event, How to Observe the March 2025 Blood Moon Eclipse,

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020