ഇടുക്കി ശാന്തൻപാറയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പേത്തൊട്ടി തോടിന് സമീപം താമസിച്ചിരുന്ന 6 കുടുംബങ്ങളെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി.
ഉടുമ്പൻചോലയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതും യാത്രക്കാരെ വലച്ചു. തുടർന്ന് ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് മണ്ണ് നീക്കം ചെയ്തത്.
അതേസമയം ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെത്തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു.
റോയ് ഒറ്റയ്‌ക്കാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു.വലിയ മണ്ണിടിച്ചിൽ ആയിരുന്നില്ല ചേരിയാറിൽ ഉണ്ടായതെങ്കിലും റോയ് താമസിച്ചിരുന്നത് ദുർബലമായ കെട്ടിടത്തിലാണ് എന്നതാണ് ജീവഹാനിക്ക് കാരണമായതെന്നാണ് വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.