കോതമംഗലത്ത് ഇന്ന് ഉണ്ടായ ശക്തമായ കാറ്റിൽ മുപ്പതോളം വീടുകൾ തകർന്നു. വ്യാപക കൃഷിനാശം നേരിട്ടു. നഷ്ടം കണക്കാക്കുന്നതേയുള്ളൂ. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ, മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പകൽ പതിനൊന്നര മണിയോടെ ശക്തമായ മഴക്കൊപ്പം ഏകദേശം പത്ത് മിനിറ്റോളം ശക്തമായ കാറ്റ് വീശിയത്. പെട്ടെന്നുള്ള കാറ്റിൽ ജനം പരിഭ്രാന്തരായി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ട്: നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ.ബേബി, ഫയർഫോഴ്സ് ടീം ,ഫോറസ്റ്റ് അധികൃതൽ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. എൽസി പീച്ചാട്ട്, ടിനു തോമസ് അമ്പയത്തിനാൽ, റോയി പുളിയേലിൽ, മത്തായി പാറപ്പാട്ട്,
ഏലിയാമ്മ ചൂരക്കുഴി കവളങ്ങാട്, വളയം തൊട്ടി റോജി, കുടിയിരിക്കൽ ബേസിൽ എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് അപകടം ഉണ്ടായത്.
കവളങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം സാജു കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. പൗലോസ് എടയ്ക്കാട്ടിൻ്റെ വാഴകൃഷികളും പൂർണ്ണമായി നശിച്ചു. കുട്ടമംഗലം, കവളങ്ങാട്, തക്കാരിയൂർ ,കോതമംഗലം വില്ലേജ് ഓഫീസർമാർ നഷ്ടം കണക്കാക്കി വരുന്നു. പകൽ സമയത്ത് കാറ്റ് വീശിയതിനാൽ ആളപായമില്ല.