എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്?

ഡോ. ദീപക് ഗോപാല കൃഷ്ണൻ

പത്രത്തിലും ടിവിയിലും മറ്റും നിങ്ങൾ മഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ കേട്ടിരിക്കുമല്ലോ.നാളെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത എന്നൊക്കെ. എവിടെനിന്നാണ് നമുക്ക് ഇത്തരം മുന്നറിയിപ്പുകൾ ലഭിക്കുന്നത്? നമ്മുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുപോലുള്ള മുന്നറിയിപ്പുകളും പ്രവചനങ്ങളും നൽകുന്നത്. അവർ എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്?

വലിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് കുറെയധികം കണക്കുകൂട്ടലുകൾ നടത്തിയാണ് ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. ഇത്തരം കമ്പ്യൂട്ടർ പ്രോഗ്രാമുകളെ അന്തരീക്ഷ മോഡലുകൾ എന്നാണ് വിളിക്കുന്നത്. മോഡൽ എന്നാൽ അന്തരീക്ഷത്തിന്റെ സ്വഭാവം അനുകരിക്കുന്നത് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇത്തരം പ്രവചനങ്ങൾക്ക് അത്യാവശ്യമായി വേണ്ട ഒരു കാര്യം കൃത്യമായ നിരീക്ഷണങ്ങളാണ്.

അതായത്, കാറ്റിന്റെ വേഗത, താപനില, നീരാവിയുടെ അളവ്, അന്തരീക്ഷ മർദ്ദം ഇങ്ങനെ നിരവധി കാര്യങ്ങൾ കൃത്യമായി അളക്കേണ്ടതുണ്ട്. ഇതിനായി പലതരം ഉപകരണങ്ങളും നിലവിലുണ്ട്. താപനില അളക്കുവാൻ തെർമോമീറ്റർ, കാറ്റിന്റെ വേഗത അളക്കുവാൻ അനിമോമീറ്റർ, മർദ്ദം അളക്കുന്നതിന് ബാരോമീറ്റർ അങ്ങനെ. കൂടാതെ, താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ അന്തരീക്ഷത്തിന്റെ സ്വഭാവം നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക സംവിധാനമുണ്ട്.

കൈ വിട്ടാൽ മുകളിലേയ്ക്ക് പറന്നുപൊങ്ങുന്ന ഹൈഡ്രജൻ ബലൂൺ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. അതുപോലെയുള്ള വളരെ വലിയ ബലൂണുകളിൽ ചില ഉപകരണങ്ങൾ ഘടിപ്പിച്ചശേഷം ബലൂണിനെ മുകളിലേക്ക് പറത്തിവിടുന്നു. പോകുന്നവഴിയ്ക്ക് താപനിലയും കാറ്റുമെല്ലാം അളന്ന് താഴെയുള്ള സ്റ്റേഷനിലേക്ക് റേഡിയോ സന്ദേശങ്ങളായി വിവരങ്ങൾ അയക്കും. ഈ ഉപകരണത്തിന് പറയുന്ന പേരാണ് റേഡിയോസോണ്ടെ (radiosonde).

മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തിൽ നാളെ മഴപെയ്യുമോ എന്ന് പ്രവചിക്കുന്നതിന് നമുക്ക് കേരളത്തിലെ താപനിലയും കാറ്റും മറ്റും മാത്രം നിരീക്ഷിച്ചാൽ പോരാ. കാരണം അന്തരീക്ഷത്തിന് അതിർത്തികളില്ലല്ലോ. അതുകൊണ്ട് നമ്മളിന്ന് ലോകമെമ്പാടും നിരവധി സ്ഥലങ്ങളിൽ ദിവസവും ഇതുപോലുള്ള നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. പക്ഷെ, ഭൂമിയുടെ വലിയൊരു ഭാഗം സമുദ്രങ്ങൾ ആണല്ലോ. അതിനാൽ കരഭാഗങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുപോലെ സമുദ്രഭാഗങ്ങളിൽ സ്ഥാപിക്കാൻ കഴിയില്ല.

അവിടെയാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രസക്തി. നമുക്ക് നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്ത ഇടങ്ങളിൽ നിന്നെല്ലാം കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തോടെ താപനിലയും കാറ്റും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും മറ്റും വളരെ ഭംഗിയായി അളക്കുവാൻ സാധിക്കും. ഇങ്ങനെ പലവിധത്തിൽ നമ്മൾ ശേഖരിക്കുന്ന അറിവുകളെല്ലാം തന്നെ കാലാവസ്ഥ പ്രവചിക്കുന്ന മോഡലുകളിൽ നൽകുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് അനേകം കണക്കുകൂട്ടലുകൾ നടത്തി അവസാനം ഇനി വരുന്ന ദിവസങ്ങളിൽ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നു.

ഇതിൽ കുറെ കണക്കുകൂട്ടലുകൾ ഉണ്ടെന്ന് പറഞ്ഞുവല്ലോ.വളരെ സങ്കീർണ്ണമായ ഗണിത സമവാക്യങ്ങൾ ഉപയോഗിച്ചാണ് പ്രവചനം നടത്തുന്നത്. മാത്രമല്ല, കുറെയധികം ഡാറ്റയും വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം നമ്മൾ സാധാരണ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ മതിയാവില്ല. ഇതിനായി നാം ഉപയോഗിക്കുന്നത് വളരെ വേഗത്തിൽ കണക്കുകൾ കൂട്ടാൻ ശേഷിയുള്ള, ഒരു വീടിന്റെയൊക്കെ വലുപ്പത്തിലുള്ള കമ്പ്യൂട്ടറുകളാണ്.

ഇവയെ സൂപ്പർ കമ്പ്യൂട്ടർ എന്നാണ് വിളിക്കുന്നത്. പതിനായിരക്കണക്കിന് സാധാരണ കമ്പ്യൂട്ടറുകൾ ചേർത്തുവെച്ചതുപോലെയാണ് ഒരു സൂപ്പർ കമ്പ്യൂട്ടർ! ഇന്ത്യയിലെ കാലാവസ്ഥാ പ്രവചനത്തിനായി നമുക്ക് 2 സൂപ്പർ കമ്പ്യൂട്ടറുകൾ ഉണ്ട് ഇന്ന് നമുക്ക്. കാലാവസ്ഥാ പ്രവചനം ഇന്നും നമ്മെ വളരെ കുഴപ്പിക്കുന്ന ഒരു പ്രശനമാണ്.

കൃത്യമായി പ്രവചിക്കുവാൻ ഇന്നും വളരെ ബുദ്ധിമുട്ടാണ്. പല കാരണങ്ങളുമുണ്ട് ഇതിന്. ചില കാര്യങ്ങൾ നമുക്ക് ഇന്നും പൂർണ്ണമായും മനസിലായിട്ടില്ല. അതുകൊണ്ടുതന്നെ വളരെയധികം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി പടിപടിയായി പ്രവചനം മെച്ചപ്പെട്ടു വരുന്നുണ്ട്. വരും വർഷങ്ങളിൽ തീർച്ചയായും കൃത്യമായ പ്രവചനങ്ങൾ സാധ്യമാവും.

(ലേഖകൻ കാലാവസ്ഥ ശാസ്ത്രജ്ഞനും ഗവേഷകനും ആണ്)

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment