Kerala weather updates 31/08/24: ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകയറും

Kerala weather updates 31/08/24: ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകയറും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകയറും. നിലവിൽ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നത് . തീവ്ര ന്യൂനമർദ്ദം ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യത. അതേസമയം കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി ദുർബലമായി. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി ‘അസ്ന‘ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന ‘അസ്ന’ നാളെ രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യത.

ഇന്നലെ ഒമാനില്‍ നിന്ന് 920 കി.മി അകലെയായിരുന്നു അസ്‌ന ചുഴലിക്കാറ്റ്. ഒമാനിലെ തീരത്ത് മണിക്കൂറില്‍ 50 കി.മി വരെ വേഗത്തിലുള്ള കാറ്റുണ്ടാകുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഈ സീസണിലെ അറബിക്കടലിലെ ആദ്യ ചുഴലിക്കാറ്റാണ് അസ്‌ന. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ മെയില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് അപൂര്‍വമാണ്. കാലവര്‍ഷം സജീവമായി നില്‍ക്കുമ്പോള്‍ വടക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അത്യപൂര്‍വമാണ്. ഈ സമയം ഇവിടത്തെ കാറ്റിന്റെ ഖണ്ഡധാര ഉള്‍പ്പെടെ ചുഴലിക്കാറ്റിനെ സജീവമാക്കി നിര്‍ത്തുന്ന ഘടകങ്ങള്‍ അനുകൂലമാകാറില്ല എന്നതാണ് കാരണം.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനമാകും വടക്കന്‍ അറബിക്കടലില്‍ ഈ സമയം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ കാരണമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ഇന്നും അസ്‌ന ചുഴലിക്കാറ്റ് സജീവമായി നിലനില്‍ക്കുമെങ്കിലും രാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ കടലില്‍ വച്ചു തന്നെ ദുര്‍ബലമായി തീവ്ര ന്യുനമര്‍ദമാകും. തുടര്‍ന്നാകും ഒമാനിലേക്ക് നീങ്ങുക. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഈര്‍പ്പമുള്ള കാറ്റും അറേബ്യന്‍ മേഖലയില്‍ നിന്ന് ഒമാന്‍ കടല്‍ വഴിയെത്തുന്ന വരണ്ട ഉഷ്ണക്കാറ്റും ചുഴലിക്കാറ്റിന്റെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തുമെന്നാണ് നിരീക്ഷണം. കടലില്‍ ശക്തമായ ഇടിമിന്നലും മഴയും നല്‍കി അസ്‌ന ദുര്‍ബലമാകും.


ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ ആയിരങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് മൂലം ഗുജറാത്തില്‍ മഴ കുറയുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചിരുന്നത്. അതുവരെ ഗുജറാത്തിലുണ്ടായിരുന്ന കനത്ത മഴക്ക് ശമനം ലഭിച്ചു തുടങ്ങി. എന്നാല്‍ നേരത്തെയുണ്ടായ പ്രളയ മേഖലയില്‍ നിന്ന് വെള്ളക്കെട്ടുകള്‍ കുറഞ്ഞിട്ടില്ല.

അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം ലഭിച്ച മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയിലും ഇന്ന് രാവിലെ മുതല്‍ മഴ ലഭിക്കും. കാസര്‍കോടും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും രാവിലെ കനത്ത മഴ പ്രതീക്ഷിക്കാം. ഇന്നലെ രാത്രി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

31/08/2024: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

31/08/2024 മുതൽ 02/09/2024 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment