Kerala weather updates 23/05/24: ഇന്നലെ മൂന്നു സ്ഥലങ്ങളിൽ തീവ്രമഴ, കേരളത്തിൽ ഇന്നും മഴ തുടരും
കേരളത്തിൽ ഇന്നലെ പെയ്ത മഴയിൽ മൂന്നു സ്ഥലങ്ങളിൽ തീവ്രമഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ചേർത്തല, കുമരകം, താമരശ്ശേരി എന്നിവിടങ്ങളിലാണ് തീവ്രമഴ ലഭിച്ചത്. ചേർത്തല 215 mm മഴയാണ് ലഭിച്ചത്, കുമരകം 203 എംഎം മഴയും താമരശ്ശേരിയിൽ 200.7 mm മഴയും ലഭിച്ചു. കുന്നമംഗലത്ത് 226.2 mm മഴ ലഭിച്ചു. ഇതു ലഘുമേഘ വിസ്‌ഫോടനം (Mini Cloud Burst) ആണെന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് metbeat weather നിരീക്ഷകർ. ആറിടങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അരിക്കുറ്റി,പൊന്നാനി, തൈക്കാട്ടുശ്ശേരി, കരിപ്പൂർ, ചേർത്തല, പള്ളുരുത്തി എന്നീ പ്രദേശങ്ങളിലാണ് അതിശക്തമായ മഴ ലഭിച്ചത്. മഴയുടെ അളവ് യഥാക്രമം, 195.2, 195, 193.5, 192.8,171,166.5mm എന്നിങ്ങനെയാണ്. മറ്റിടങ്ങളിലെല്ലാം ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്.
photo credit by rajeevan erikkulam
അതേസമയം ശക്തമായ മഴയിൽ കേരളത്തിൽ മുഴുവൻ മഴക്കെടുതി രൂക്ഷമാണ്. കേരളം മുഴുവൻ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടായെങ്കിലും കോഴിക്കോടും, കൊച്ചിയിലും ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായത്. കൊച്ചിയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി റോഡുകളിൽ ഗതാഗതക്കുരുക്കും ഉണ്ടായി. മഴക്കാല ശുചീകരണ പ്രവർത്തനം കൃത്യമായ രീതിയിൽ പൂർത്തിയാകാത്തതാണ് കൊച്ചിയിൽ വെള്ളക്കെട്ട് ഉണ്ടാവാൻ കാരണം. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്.
അതേസമയം മഴക്കെടുതി കൂടുതലായി ഉണ്ടായത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് പന്തീരംകാവിൽ ഇടിമിന്നലിൽ ഒരു വീട് പൂർണമായി തകർന്നു. തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായത് ഇന്ന് പുലർച്ചയാണ് . മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ഇവിടെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. റൂമുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ വെള്ളം കയറുന്നത് എന്ന് അധികൃതർ. അശാസ്ത്രീയമായ നിർമ്മാണമാണ് ഇതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം അപ്രതീക്ഷിതമായ വെള്ളക്കെട്ടാണ് തൃശ്ശൂർ ജില്ലയിൽ ഉണ്ടായത്. കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ പറഞ്ഞു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടര്‍. ഏഴു വീടുകൾ തൃശ്ശൂർ ജില്ലയിൽ ഭാഗികമായി തകർന്നിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ അശ്വനി ആശുപത്രിയിലെ ഐസിയുവിൽ അടക്കം വെള്ളം കയറാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു. തൃശ്ശൂർ ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് മാവ് വീണിട്ടുണ്ടായിരുന്നത് . തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തിട്ടുണ്ട്.
മലങ്കര ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു
ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. ഡാം തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇരു നദിയുടെയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.
ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയത്. നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുണ്ടായിരുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ ഇന്നും മഴ തുടരും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴ കനക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലും ഇന്ന് ശക്തമായ മഴ തുടരും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.