kerala weather update
ബംഗാള്‍ ഉള്‍ക്കടലിലെ കിഴക്ക് മധ്യ മേഖലയില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. മ്യാന്‍മര്‍ തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെടാന്‍ അനുകൂല അന്തരീക്ഷമാണുള്ളത്.
അന്തരീക്ഷത്തിലെ മിഡ് ട്രോപോസ്ഫിയര്‍ ഉയരത്തില്‍ ചക്രവാതച്ചുഴിയുടെ സ്വാധീനമുണ്ട്. ഇവിടെ ന്യൂനമര്‍ദം രൂപപ്പെടുന്നത് കേരളത്തിലെ കാറ്റിനെയും സ്വാധീനിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴക്കും ഇതു കാരണമാകും.
നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനകം വീണ്ടും ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷറായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അടുത്ത രണ്ടു ദിവസം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കനത്ത മഴയുണ്ടാകും. ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാകാനും കാറ്റിനും സാധ്യതയുണ്ട്.
ന്യുനമര്‍ദം രൂപപ്പെട്ട ശേഷം കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും മഴ ശക്തമാകും. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴക്കും ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ ആ മേഖലയിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം.
നാളെ 12 ജില്ലകളില്‍ ശക്തമായ മഴ
കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് നാളെ (29/09/23) ന് ശക്തമായ മഴക്ക് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
കേരളത്തില്‍ ഇന്നും മിക്ക ജില്ലകളിലും കനത്ത മഴ ലഭിച്ചു. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ച് ഈ കാലവര്‍ഷ കാലത്ത് കേരളത്തില്‍ മഴക്കുറവ് 38 ശതമാനത്തിലെത്തി. പത്തനംതിട്ടയ്‌ക്കൊപ്പം ആലപ്പുഴയിലും സാധാരണ തോതിലുള്ള മഴ ലഭിച്ചു. മറ്റു ജില്ലകളിലെല്ലാം മഴക്കുറവ് നിലനില്‍ക്കുകയാണ്.