kerala weather 27/08/24: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു, ഇന്നത്തെ മഴ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള മേഖലയിലാണ് ന്യൂനമര്‍ദ സാധ്യത. രൂപപ്പെട്ട ശേഷം രണ്ടു ദിവസത്തിനകം ഈ ന്യൂനമര്‍ദം തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശും ലക്ഷ്യമാക്കി നീങ്ങും. കേരളത്തില്‍ ഉള്‍പ്പെടെ മഴ നല്‍കാന്‍ ഈ ന്യൂനമര്‍ദം കാരണമായേക്കുമെന്നാണ് നിലവിലെ സൂചനകള്‍.
അതിനിടെ ഇന്നലെ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഗുജറാത്തിനു മുകളില്‍ തുടരുകയാണ്. രണ്ടു ദിവസം ഇവിടെ പ്രളയ സമാന മഴ നല്‍കിയ ശേഷം സൗരാഷ്ട്ര, കച്ച് വഴി അറബിക്കടലിലെത്തും. ഇതിനിടെ ഗുജറാത്ത്, രാജസ്ഥാന്‍, പാകിസ്താനിലെ കറാച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത മഴ നല്‍കും.
ഈയിടെ ബംഗ്ലാദേശില്‍ നിന്ന് കരകയറിയ ന്യൂനമര്‍ദം ജാര്‍ഖണ്ഡിനു മുകളില്‍ തുടരുകയാണ്. ഇതും ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുകയും പിന്നീട് ദുര്‍ബലമാകുകയും ചെയ്യും. മേല്‍ സൂചിപ്പിച്ച രണ്ടു സിസ്റ്റങ്ങളും മധ്യ ഇന്ത്യയില്‍ കനത്ത മഴ നല്‍കും.
കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ രാത്രിയിലെ മഴ സാധ്യത തുടരും. ഇന്നലെ വിലങ്ങാട് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി. കണ്ണൂര്‍ ജില്ലയിലെ നടുവിലും കനത്ത മഴ ലഭിച്ചു. ജൂലൈ 30 ന് ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്താണ് മലവെള്ളപ്പാച്ചില്‍ ആശങ്കയുണ്ടാക്കിയത്. ഇവിടെ നിന്ന് 30 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു.
മെറ്റ്ബീറ്റ് വെതറിന്റെ പ്രവചന പ്രകാരം ഇന്നും വടക്കന്‍ കേരളത്തില്‍ രാത്രി മഴ തുടരും. മലയോര മേഖലകളിലാണ് അതിശക്തമായ മഴ സാധ്യത. ഇടനാട് പ്രദേശങ്ങളില്‍ ഇടത്തരം, ശക്തമായ മഴയോ തീരദേശങ്ങളില്‍ ചാറ്റല്‍ മഴയോ ഉണ്ടാകാനാണ് സാധ്യത.
കേരളം മുതല്‍ ഗുജറാത്ത് തീരം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയാണ് മഴക്ക് കാരണം. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലയുടെ കിഴക്ക്, പാലക്കാട് ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളിലും ഇന്നു രാത്രി വൈകി ശക്തമായ മഴ സാധ്യത.
ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 2024 ഓഗസ്റ്റ് 29 മുതല്‍ 31 വരെയും കര്‍ണാടക തീരത്ത് 2024 ഓഗസ്റ്റ് 27 മുതല്‍ 31 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page