kerala weather 27/11/23 : ന്യൂനമർദം ഇന്ന് ; മിച്ചാങ് ചുഴലിക്കാറ്റിനും സാധ്യത
തെക്കൻ തായ്‌ലൻഡിന് സമീപം കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിന് സമീപമായി ന്യൂനമർദ്ദമായി (low pressure area- LPA) രൂപപ്പെട്ടേക്കും. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഇത് വീണ്ടും ശക്തിപ്പെട്ടു ന്യൂനമർദ്ദം ആകുകയാണ് ചെയ്യുക.
ആൻഡമാൻ കടലിൽ വെച്ച് ന്യൂനമർദ്ദം ആകുന്ന സിസ്റ്റം വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം (Depression) ആകും . തുടർന്ന് ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങും. വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്ര സമീപം കടലിൽ സമാന്തരമായി ചുഴലിക്കാറ്റ് ആയി മാറാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് ആയാൽ മിച്ചാങ് എന്ന പേരിൽ ആണ്
ഇതറിയപ്പെടുക. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഈ മാസം 29 നാണ് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുള്ളത്.
ഗുജറാത്തിലെ കച്ച് ജില്ലയ്ക്ക് സമീപം രൂപം കൊണ്ട ചക്രവാത ചുഴിയിലേക്ക് (cyclonic circulation) അറബി കടലിൽ നിന്നുള്ള ന്യൂനമർദ്ദ പാത്തി ചേരുന്നുണ്ട്. അതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കണം. ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള മഴ കേരളത്തിലും തമിഴ്നാട്ടിലും നവംബർ 30ന് ശേഷമേ ലഭിക്കാൻ സാധ്യതയുള്ളൂ. അതുവരെ രാത്രിയിൽ തണുപ്പും പകലിൽ ചൂടും ഉണ്ടാകും. വൈകുന്നേരങ്ങളിൽ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും.
ഏതെല്ലാം പ്രദേശങ്ങളിലാണ് മഴ ലഭിക്കുകയെന്നും ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാത ഏത് രീതിയിലായിരിക്കും എന്നും വ്യക്തമാക്കാൻ ന്യൂനമർദ്ദം രൂപപ്പെട്ടതിനു ശേഷമേ കഴിയൂ.