kerala weather 18/02/24: ഇടുക്കിയില്‍ ഇന്ന് 42 ഡിഗ്രി കടന്നു, അഞ്ചിടത്ത് 40 കടന്നു, ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

kerala weather 18/02/24: ഇടുക്കിയില്‍ ഇന്ന് 42 ഡിഗ്രി കടന്നു, അഞ്ചിടത്ത് 40 കടന്നു, ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്ന് ചൂട് 42 ഡിഗ്രി കടന്നു. ഇടുക്കി ജില്ലയിലാണ് 42 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനില്‍ അഞ്ചിടത്ത് ഇന്ന് 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ കൂടാനുള്ള സാഹചര്യമാണുള്ളതെന്നും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

കോഴിക്കോട് 37 ഡിഗ്രിവരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രിവരെയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചന മോഡലുകള്‍ നല്‍കുന്ന വിവരം. ഇതുപ്രകാരമാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കിയിലാണ് ഇന്ന് 42 ഡിഗ്രിയും കടന്ന് ചൂട് മുന്നേറുന്നത്. ഇടുക്കി പീരമേട് 42.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സീസണിലെ ഏറ്റവും കൂടിയ ചൂടാണിത്. ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനിലെ ഡാറ്റ കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി കണക്കാക്കാറില്ലാത്തതിനാല്‍ ഈ കണക്ക് ഔദ്യോഗികമല്ല.

പാലക്കാട് എരിമയൂരില്‍ 40.8 ഡിഗ്രിയും തൃശൂര്‍ അതിരപ്പള്ളിയില്‍ 40.5 ഡിഗ്രിയും എറണാകുളം ചൂണ്ടിയില്‍ 40.7 ഡിഗ്രിയും പത്തനംതിട്ട വാഴക്കുന്നം 40.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി.

കണ്ണൂര്‍ അയ്യന്‍കുന്നില്‍ 38.6 ഡിഗ്രി സെല്‍ഷ്യസും ഇരിക്കൂറില്‍ 37.8 ഉം മട്ടന്നൂരില്‍ 36.6 ഉം ആറളത്ത് 37.8 ഉം ചെറുതാഴത്ത് 39.2 ഉം കാസര്‍കോട് പാണത്തൂരില്‍ 38.5 ഉം പാലക്കാട് പട്ടാമ്പിയില്‍ 38.1 ഉം തൃശൂര്‍ വിലങ്ങാന്‍കുന്ന് 39.4 ഉം തൃശൂര്‍ വെള്ളാനിക്കരയില്‍ 38.9 ഉം തൃശൂര്‍ പീച്ചിയില്‍ 38.6 ഉം പാലക്കാട് മങ്കര 38.5 ഉം, മലമ്പുഴ ഡാം 38 ഉം പാലക്കാട് പോത്തുണ്ടി ഡാം 37.1 ഉം തൃശൂര്‍ കുന്നംകുളം 38.7 ഉം എറണാകുളം ഇടമലയാര്‍ 38.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

ജനങ്ങള്‍ നേരിട്ട് വെയില്‍ കൊള്ളരുത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ വെയിലേല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍ വരണ്ട കിഴക്കന്‍ കാറ്റാണ് കേരളത്തിന് മുകളില്‍ വീശുന്നത് ഇത് കേരളത്തില്‍ ചൂടുകൂടാനുള്ള ഒരു കാരണമാണെന്നും കേരളത്തിലെ പ്രൈവറ്റ് കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ Metbeat Weather പറഞ്ഞു. കൂടാതെ ഒഡീഷ തീരത്തിനു മുകളില്‍ അതിമര്‍ദ്ദ മേഖല രൂപപ്പെട്ടിട്ടുണ്ട് ഇത് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് മേഘങ്ങളെ അകറ്റുന്നതിനുള്ള ഒരു സാഹചര്യം ഉണ്ടാക്കുന്നുവന്നും Metbeat Weather ലെ നിരീക്ഷകര്‍ പറയുന്നു.

കൂടുതല്‍ നേരം വെയിലത്ത് ജോലി ചെയ്യുന്നവരില്‍, നേരിട്ടു വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകാം. ഇവര്‍ ഉടനടി ഡോക്ടറെ കണ്ടു ചികിത്സ തേടണം. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ടു പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ചു വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയും വേണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുക. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

സുര്യഘാതം സൂക്ഷിക്കാം
സൂര്യാഘാതം അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണു സൂര്യാഘാതം എന്ന് പറയുന്നത്.

രോഗ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റ്), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടാകാം. ഉടനെ തന്നെ ഡോക്ടറുടെ സേവനം തേടണം.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

രോഗ ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം

സൂര്യാഘാതം,താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍, വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

ന്മധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

ന്മതണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

ന്മധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.

ന്മഫലങ്ങളും സാലഡുകളും കഴിക്കുക.

ന്മആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുക

പ്രത്യേക ശ്രദ്ധ വേണ്ടവര്‍

മുതിര്‍ന്ന പൗരന്‍മാര്‍ (65 വയസിന് മുകളില്‍), ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ (4 വയസിന് താഴെയുള്ളവര്‍), ഗുരുതരമായ രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.

ന്മയാത്രകള്‍ വേണ്ടി വരുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കൈയില്‍ കരുതുക.

ന്മനിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളായ മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.

ന്മകുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കുട്ടികള്‍ക്ക് ജല ലഭ്യത ഉറപ്പാക്കുക

ന്മകുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്താന്‍ പാടില്ല.

ന്മഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം

ന്മകാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

ന്മകട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

ന്മപുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട/തൊപ്പി എന്നിവ ഉപയോഗിക്കുക.

കുറിപ്പ്

ഈ വാര്‍ത്തയില്‍ ചേര്‍ത്ത കണക്ക് ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ എ.ഡബ്ല്യു.എസില്‍ രേഖപ്പെടുത്തിയ കണക്കാണ്. എന്നാല്‍ ഉപകരണത്തിലെ തകരാര്‍ മൂലമാകാം ഇടുക്കിയില്‍ ഇത്രയും ചൂട് രേഖപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. എ.ഡബ്ല്യു.എസുകളിലെ ഇത്തരം പിഴവുകള്‍ മൂലമാണ് ഇപ്പോഴും ഈ ഡാറ്റ ഔദ്യോഗികമായി പരിഗണിക്കാത്തത്.

  • Metbeat News Team

© Metbeat Weather

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment