Kerala weather 14/11/24: രണ്ട് ചക്രവാത ചുഴികൾ, ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ തുടരും
കേരളത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളതീരത്ത് ലക്ഷദ്വീപിന് അടുത്തായി അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ശ്രീലങ്കൻ തീരത്തിന് സമീപത്തായി ബംഗാൾ ഉൾക്കടലിലും ഒരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും വൈകുന്നേരവും പുലർച്ചയും ആയി ഞായറാഴ്ച വരെ മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ശബരിമലയിൽ, മേഘാവൃതമായ ആകാശം പ്രതീക്ഷിക്കുന്നു, ഒന്നോ രണ്ടോ തവണ ഇടത്തരം മുതൽ ശക്തമായ മഴയും ഇടിയും ഉണ്ടാകാൻ സാധ്യത എന്നും കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഏഴ് മുതൽ 11 സെൻ്റീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ഐഎംഡി പ്രവചനം.
ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ കേരളത്തിലുടനീളമുള്ള കുറഞ്ഞ താപനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും കണ്ണൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശൂർ എന്നിവയുൾപ്പെടെ പല ജില്ലകളിലും താപനില സാധാരണയേക്കാൾ കൂടുതലാണ്. ഏറ്റവും കുറഞ്ഞ താപനില 24.3 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്.
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് തുടരും. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ശനിയാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നിലവിലുണ്ട്, കോഴിക്കോട് ഞായറാഴ്ചയും ജാഗ്രതാനിർദേശം തുടരും. തെക്ക്-പടിഞ്ഞാറ് ഭാഗത്തും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ന്യൂനമർദ്ദം ദുർബലമായെങ്കിലും, ഈ മേഖലയിൽ ചക്രവാത ചുഴലി നിലനിൽക്കുന്നു.