Kerala weather 10/11/24: തുലാവർഷ മഴയിൽ കുറവോ? ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല, മഴ ശക്തിപ്പെടുക എന്ന് മുതൽ
കേരളത്തിൽ തുലാമഴ മഴ കുറയുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നവംബർ 12 വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഐ എം ഡി നൽകിയിട്ടില്ല.
നവംബർ 13-ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലർട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.
കേരളത്തിൽ തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. നവംബർ ആദ്യം മഴ അതിശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്കപ്പുറം കേരളം മുഴുവൻ ശക്തമായ മഴ ലഭിച്ചിട്ടില്ല. തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നെങ്കിലും ജില്ലകളിലാകെ അതിശക്ത മഴ ലഭിച്ചില്ല. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം നോക്കിയാൽ നവംബർ രണ്ടാം വാരത്തിലും സംസ്ഥാനത്ത് മഴ ശക്തമല്ല.
കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെട്ട് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമാകും. തമിഴ്‌നാട്, ശ്രീലങ്ക തീരത്തിനു സമീപം വഴി കേരളത്തിനു മുകളിലൂടെയോ കന്യാകുമാരി കടല്‍ വഴി അറബിക്കടലിലേക്കോ സഞ്ചരിക്കാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാഴാഴ്ച മുതല്‍ മഴ ശക്തിപ്പെട്ടേക്കുമെന്ന് കഴിഞ്ഞ ദിവസത്തെ ഫോര്‍കാസ്റ്റിൽ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞിരുന്നു.
ന്യൂനമര്‍ദം രൂപം കൊള്ളുന്നതുവരെ കേരളത്തില്‍ മഴ കുറഞ്ഞ നിലയില്‍ തുടരും. ബുധന്‍ മുതല്‍ തമിഴ്‌നാടിന്റെ തീരങ്ങളില്‍ മഴ ശക്തിപ്പെടും. തമിഴ്‌നാട് പരക്കെയെന്നോണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ലഭിക്കും. ബുധനാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വ്യാഴം മുതല്‍ പരക്കെ മഴ സാധ്യത. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരമാണിത്. കൂടുതല്‍ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് ഏറ്റവും പുതിയ അവലോകന റിപ്പോര്‍ട്ട് വായിക്കുക. അതിനായി ഈ വെബ്‌സൈറ്റില്‍ തുടരുക.