കേരളത്തില്‍ നാളെ മുതല്‍ വീണ്ടും ഒറ്റപ്പെട്ട മഴ സാധ്യത
ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട മഴ സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറഞ്ഞു. സാധാരണ മഴ പ്രതീക്ഷിച്ചാല്‍ മതി. ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ആണ് പ്രതീക്ഷിക്കുന്നത്.
മഴക്ക് കാരണം എന്ത്?
ഭൂമധ്യരേഖാ പ്രദേശത്ത് ഒരു ചക്രവാത ചുഴി രൂപപ്പെട്ടിരുന്നു. ഇതില്‍ നിന്ന് തെക്കന്‍ കേരളം വഴി തെക്കന്‍ തമിഴ്‌നാട്ടിലൂടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒരു ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തിലായാണ് ഈ സിസ്റ്റം നിലനില്‍ക്കുന്നത്. നിലവില്‍ മേഘരൂപീകരണം കുറവായതിനാലും മണ്‍സൂണ്‍ സീസണ്‍ അല്ലാത്തതിനാലും നേരിയ മഴയേ ഈ സിസ്റ്റം നല്‍കൂ.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴിയും രൂപപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ഇതും മഴക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാക്കുക.
വരണ്ട കാലാവസ്ഥക്ക് മാറ്റം
കേരളത്തില്‍ നാളെ (ബുധന്‍) എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ചാറ്റല്‍മഴക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും.
ജനുവരി രണ്ടാം വാരം മഴ സാധ്യത
ജനുവരി രണ്ടാം വാരത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വീണ്ടും മഴ സാധ്യതയുണ്ട്. ഈ മാസം 12 ന് ശേഷമാണ് മഴ പ്രതീക്ഷിക്കുന്നത്. കേരളത്തിലൂടനീളം മഴ ലഭിക്കാനുള്ള അന്തരീക്ഷസ്ഥിതി ഒരുങ്ങുമെന്നാണ് പ്രാഥമിക സൂചനകള്‍.