Kerala weather 06/04/25: വേനൽ മഴയ്ക്കൊപ്പം ചൂടിനും കുറവുണ്ടാവില്ല: യു വി ഉയർന്നു തന്നെ
കാലാവസ്ഥാ കേന്ദ്രവും (ഐഎംഡി) മറ്റ് സ്വകാര്യ കാലാവസ്ഥാ ഗവേഷണ ഏജൻസികളും ഇത്തവണ കേരളത്തിൽ വേനൽമഴ സാധാരണയിൽ കൂടുതൽ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മഴ ലഭിക്കുമെങ്കിലും അസാധാരണ ചൂടും കേരളത്തിൽ ഉണ്ടാകാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് .
ഇന്ത്യയിൽ ഉഷ്ണ തരംഗം സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ ദിവസം നീണ്ടുനിൽക്കും എന്നാണ് ഐ എം ഡി നൽകുന്ന മുന്നറിയിപ്പ്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. മഴ മേയ് പകുതി വരെ ഏറിയും കുറഞ്ഞും തുടരാമെന്നാണു കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന. ഐഎംഡി കണക്കിൽ മാർച്ച് ഒന്നു മുതൽ ഏപ്രിൽ 6 വരെ കിട്ടേണ്ടത് 49.7 മില്ലിമീറ്റർ മഴയാണെങ്കിലും 106.6 മില്ലിമീറ്റർ ലഭിച്ചു. അതായത് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. മറ്റു ജില്ലകളിലെല്ലാം സാധാരണയിൽ കൂടുതൽ മഴ കിട്ടിയിട്ടുണ്ട്. കണ്ണൂർ,കോഴിക്കോട്, പാലക്കാട്, ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
മറ്റു ജില്ലകളിലും ഇരട്ടിയിലധികം മഴ ലഭിച്ചു. വേനലിന്റെ തുടക്കം മുതൽ ചൂട് ഉയരാറുള്ള പാലക്കാട്ട് ഈ കാലയളവിൽ 34.8 മില്ലിമീറ്റർ മഴയാണു സാധാരണ കിട്ടേണ്ടതെങ്കിലും ഇത്തവണ അത് 116.8 മില്ലീമീറ്ററായി. കാസർകോട് ജില്ലയിൽ 32% കുറവാണ്. ഇവിടെ 19.8% വേണ്ടിടത്ത് 13.5 മില്ലിമീറ്ററാണു പെയ്തത്. വേനലിൽ കഠിനമായ ചൂടിന്റെ സാധ്യത ആദ്യം നിരീക്ഷിച്ചിരുന്നെങ്കിലും ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വലിയ മാറ്റമാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധൻ നൽകുന്ന സൂചന. മഴ കുറഞ്ഞ് കടുത്ത ചൂടിലേക്കു പോകാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. 2018ലും ഏതാണ്ട് ഈ രീതിയിലാണു വേനൽമഴ ലഭിച്ചതെന്നും അവർ പറയുന്നു. മേയ് അവസാനമാണു കാലവർഷ പ്രവചനം നടത്തുക.
അതേസമയം വേനൽ മഴ മിക്ക ജില്ലകളിലും ലഭിച്ചിട്ടും കഴിഞ്ഞ 24 മണിക്കൂറിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം യു വി ഇൻഡക്സ് ഉയർന്നതിനാൽ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം,മലപ്പുറം ജില്ലയിൽ പത്തും, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഒൻപതും, ആലപ്പുഴ,തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ എട്ടും യുവി ഇൻഡക്സ് രേഖപ്പെടുത്തിയതിനാൽ ഈ ജില്ലകളിൽ എല്ലാം ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.