മുല്ലപെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കുമെന്ന് നിയമസഭയിലെ സർക്കാരിന്റെ നയപ്രഖ്യാപനം. പുതിയ ഡാം നിർമിക്കുകയെന്നതാണ് മുല്ലപ്പെരിയാറിൽ ഏക പരിഹാര മാർഗമെന്നും തമിഴ്നാടുമായി രമ്യമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ് വരയില്‍ അധിവസിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകല്‍പ്പനയുടെയും നിര്‍മ്മാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് ഒരു പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് ഏക പരിഹാരമെന്നതാണ് എന്റെ സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് ഗവർണർ അവതരിപ്പിച്ച നയപ്രഖാപനത്തിൽ പറയുന്നു.
ഡാമിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും അണ്‍ കോഴ്‌സ്ഡ് റബ്ബിള്‍ മേസണ്‍റി ഇന്‍ ലൈം മോട്ടോറും കേന്ദ്ര ഭാഗം ലൈം സുര്‍ക്കി കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. 2018-21 മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ചും ഇടുക്കി ജില്ലയില്‍ അത്യധികം ക്രമരഹിതമായ മഴ സൃഷ്ടിച്ച വിനാശകരമായ വെള്ളപ്പൊക്കവും അടിവാര പ്രദേശത്ത് താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഒരു പുതിയ ഡാം നിര്‍മ്മിക്കുന്നതാണ് ഏക പരിഹാരം. കേരളം ഈ അഭിപ്രായം എല്ലാ ബന്ധപ്പെട്ട ഫോറങ്ങളിലും ഉയര്‍ത്തിയിട്ടുള്ളതും തമിഴ്‌നാടുമായി ഒരു രമ്യമായ പരിഹാര മാര്‍ഗത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതുമാണ്’ എന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.