kerala summer forecast 09/02/24 : ഇന്നും 40 കടന്നു, ദക്ഷിണേന്ത്യയും പൊള്ളുന്നു, അടുത്ത മഴ പ്രതീക്ഷ 13 ന്
കേരളത്തില്‍ ചൂട് വരും ദിവസങ്ങളിലും കൂടും. സാധാരണ ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടതിനേക്കാള്‍ 1 മുതല്‍ 3 ഡിഗ്രിവരെയാണ് ചൂട് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷന്‍ ഡാറ്റ പ്രകാരം പാലക്കാട്, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 30 നും 40 നും ഇടയില്‍ ചൂട് രേഖപ്പെടുത്തി.
ദക്ഷിണേന്ത്യക്ക് പൊള്ളുന്നു
ദക്ഷിണേന്ത്യയില്‍ ചൂട് കൂടുന്ന ട്രെന്റാണ് കഴിഞ്ഞ കുറച്ചു ദിവസമായിട്ടുള്ളത്. മധ്യ ഇന്ത്യയോട് ചേര്‍ന്നു കിടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഈ സീസണില്‍ ലഭിക്കേണ്ടതിനേക്കാള്‍ 5 ഡിഗ്രി കൂടുതല്‍ ചൂടാണ് രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ കുര്‍നൂലിലാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്. 38.5 ഡിഗ്രി സെല്‍ഷ്യസ് ആണ് അവിടത്തെ ഇന്നത്തെ താപനില.
കര്‍ണാടക, തമിഴ്‌നാട്ടിലും ചൂട് കൂടി
കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഫെബ്രുവരിയിലെ ശരാശരി താപനിലയേക്കാള്‍ കൂടുതലാണ് രേഖപ്പെടുത്തുന്നത്. വരണ്ട കാറ്റിന്റെ പ്രഭാവമാണ് ചൂടിന് കാരണമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഫെബ്രുവരി മാസത്തിലെ ആദ്യ വാരം ചാറ്റല്‍ മഴ കൊല്ലം ജില്ലയില്‍ ലഭിച്ചതൊഴിച്ചാല്‍ കേരളം ഏതാണ്ട് പൂര്‍ണമായി മഴരഹിതമാണ്. ജനുവരിയില്‍ ലഭിച്ച കനത്ത മഴയെ തുടര്‍ന്ന് ശീതകാല മഴയുടെ ഇന്നു വരെയുള്ള കണക്കില്‍ ഇപ്പോഴും മഴ ലഭ്യത 400 ശതമാനത്തിലേറെ കൂടുതലാണ്. പക്ഷേ വെയില്‍ ചൂടില്‍ ഈ വെള്ളമെല്ലാം മണ്ണിന്റെ ഉപരിതലത്തില്‍ നിന്ന് വറ്റിപ്പോയിരിക്കുന്നു.
ജനുവരി ഒന്നു മുതല്‍ 7 വരെ കൊല്ലം ജില്ലയില്‍ മാത്രമാണ് മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം മഴ രഹിതമായിരുന്നു. പക്ഷേ മഴ കണക്കില്‍ ഇപ്പോഴും മഴക്കുറവുള്ള ഏക ജില്ലയും കൊല്ലമാണ്.
പാലക്കാട്ട് 40 ഇന്നും കടന്നു, കണ്ണൂരില്‍ 37.2
കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷന്‍ ഡാറ്റ പ്രകാരം ഇന്ന് പാലക്കാട് ജില്ലയിലെ എരിമയൂരില്‍ 40.6 ഡിഗ്രി താപനില രേഖപ്പെടുത്തി. ജില്ലയിലെ മറ്റിടങ്ങളില്‍ 36.5 നും 38 നും ഇടയിലാണ് താപനില രേഖപ്പെടുത്തിയത്. വടക്കന്‍ കേരളത്തില്‍ വയനാട്ടിലെ പൂക്കോട് 29.9 ഉം കണ്ണൂരിലെ പന്നിയൂരില്‍ 22.9 ഉം ഡിഗ്രിതാപനിലയാണ് ഇന്ന് പകല്‍ രേഖപ്പെടുത്തിയത്. മറ്റിടങ്ങളിലെല്ലാം 36 മുതല്‍ 37.2 ഡിഗ്രിവരെ രേഖപ്പെടുത്തി. കണ്ണൂരിലെ പെരിങ്ങോമിലാണ് 37.2 ഡിഗ്രി രേഖപ്പെടുത്തിയത്. തെക്കന്‍ ജില്ലകളിലും 35 നും 37 നും ഇടയിലാണ് ചൂട് രേഖപ്പെടുത്തിയത്.
കേരളത്തില്‍ ഫെബ്രുവരി 13 മുതല്‍ ഒ്റ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴും ഈ പ്രവചനത്തിന് മാറ്റമില്ലെന്നും അടുത്ത ദിവസങ്ങളില്‍ ഏതെല്ലാം പ്രദേശങ്ങളില്‍ മഴ സാധ്യതയെന്ന് ഈ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും ഞങ്ങളുടെ ഫോര്‍കാസ്റ്റ് ടീം അറിയിച്ചു.