സോളാര്‍ ബില്ലിങ്മാറ്റം തല്‍ക്കാലമില്ല; നിലവിലെ രീതി തുടരുമെന്ന് കമ്മിഷന്‍
ടി. സഞ്ജുന
കേരളത്തില്‍ പുരപ്പുറ സോളാര്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് ആശങ്കവേണ്ട. നെറ്റ് ബില്ലിങ് രീതി തന്നെ തുടരുമെന്ന് ഒടുവില്‍ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന സിറ്റിങ്ങിലാണ് മാധ്യമ വാര്‍ത്തകള്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചത്. ഇന്നലെ തെളിവെടുപ്പില്‍ ഇതുസംബന്ധിച്ച് പങ്കെടുത്തവര്‍ ആശങ്ക പങ്കുവച്ചിരുന്നു.
സോളാര്‍ പദ്ധതിക്ക് സര്‍ക്കാര്‍ നടപടി ഇരുട്ടടിയാകുമോയെന്ന് metbeatnews ഉം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബില്ലിങ് രീതി മാറ്റാന്‍ കെ.എസ്.ഇ.ബി അപേക്ഷ നല്‍കിയിട്ടില്ലെന്നും ഇതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ ജോസ് പറഞ്ഞു. ഇന്നലെ പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ മീറ്ററിങ് സംബന്ധിച്ച കരട് ചട്ടങ്ങളെ കുറിച്ചുള്ള തെളിവെടുപ്പ് നടന്നിരുന്നു.
നിലവില്‍ സോളാര്‍ പ്ലാന്റ് വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് ഭാരിച്ച വൈദ്യുതിച്ചെലവ് കുറയ്ക്കാനാകുന്ന മീറ്ററിങ് രീതിയാണ് നിലവിലുള്ളത്. ഇതിനെ നെറ്റ് മീറ്ററിങ് എന്നാണ് പറയുന്നത്. എന്നാല്‍ ഇതുമാറ്റി വൈദ്യുതി ബോര്‍ഡിന് സോളാര്‍ പ്ലാന്റ് സ്ഥാപച്ചവരും കൂടുതല്‍ പണം മാസം തോറും അടയ്‌ക്കേണ്ടിവരുന്ന ഗ്രോസ് മീറ്ററി്ങ് നടപ്പാക്കാന്‍ കെ.എസ്.ഇ.ബി നീക്കം നടത്തുന്നുവെന്നും ഇതിനായി റെഗുലേറ്ററി കമ്മിഷനെ ബോര്‍ഡ് സമീപിച്ചെന്നുമായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇക്കാര്യം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി രംഗത്തുവന്നു. നെറ്റ്ബില്ലിങ് രീതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റ് ബില്ലിങ് രീതി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സോളാര്‍ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നയമെന്നും അതു തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക സുസ്ഥിരതയെ നെറ്റ് മീറ്ററിങ് രീതി ബാധിക്കുമെന്നാണ് ബോര്‍ഡ് ആശങ്കപ്പെടുന്നത്. ഇന്നലെ നടന്ന തെളിവെടുപ്പില്‍ ചെയര്‍മാന്‍ വിശദീകരിക്കുന്നു. വിഡിയോ കാണുക.
സോളാര്‍ ഉത്പാദകര്‍ അവരുപയോഗിക്കുന്ന വൈദ്യുതി അവര്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ ബോര്‍ഡിന് വരുമാനം കുറയും. എന്നാല്‍ പുരപ്പുറ പദ്ധതിക്ക് ചെലവ് വഹിക്കുന്നത് ഉപഭോക്താവാണെന്നും വീടിനു മുകളില്‍ പ്ലാന്റ് വയ്ക്കുന്നതിനും സര്‍വിസ് നടത്തുന്നതിനും ബോര്‍ഡ് പണമൊന്നും നല്‍കുന്നില്ലെന്നും കൈ നനയാതെ മീന്‍പിടിക്കാനാണ് ബോര്‍ഡിന്റെ നീക്കമെന്നും ഉപയോക്താക്കള്‍ പറയുന്നു. വന്‍തുക മുടക്കിയാണ് പലരും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചത്. ഇതില്‍ നിന്ന് മുടക്കു മുതല്‍ ലഭിക്കാന്‍ നാലോ അഞ്ചോ വര്‍ഷം നെറ്റ്മീറ്ററിങ് രീതി തുടരേണ്ടിവരും.
ലോണെടുത്ത് പ്ലാന്റ് സ്ഥാപിച്ചവരും ഇതിലുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ഗ്രോസ് മീറ്റര്‍ ബില്ലിങ് വന്നാല്‍ കടുത്ത സാമ്പത്തിക ബാധ്യതയാകും ഫലം. കെ.എസ്.ഇ.ബി വില്‍ക്കുന്ന വൈദ്യുതിക്ക് പണം വാങ്ങുന്നത് ന്യായമാണെങ്കിലും ഉപയോക്താവ് സ്വന്തം ചെലവില്‍ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടി സര്‍ക്കാരിന് പണം നല്‍കേണ്ടിവരുന്നത് പിടിച്ചുപറിയാണെന്നും ഉപയോക്താക്കള്‍ പറയുന്നു.
ഇപ്പോള്‍ 300 യൂനിറ്റ് വരെ വൈദ്യുതി ഉപോഗിക്കാന്‍ കെ.എ്‌സ്.ഇ.ബിക്ക് 5 രൂപ നിരക്കില്‍ കൊടുക്കുമ്പോള്‍ സോളാര്‍ പ്ലാന്റില്‍ ഉപയോഗിച്ച വൈദ്യുതിക്ക് ബോര്‍ഡ് നല്‍കുന്നത് വെറും 2.69 പൈസയാണ്. ഇതിലും നിലവില്‍ കെ.എസ്.ഇ.ബിക്ക് ലാഭമാണ്. ഇതിനിടെ ഗ്രോസ് മീറ്ററിലേക്ക് മാറിയാല്‍ ആളുകള്‍ പ്ലാന്റുകള്‍ ഒഴിവാക്കുകയും വച്ചവര്‍ ഓഫ് ഗ്രിഡിലേക്ക് മാറുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് രക്ഷനേടാനാണ് ആഗോള കാലാവസ്ഥ ഉച്ചകോടി ( COP) ന്റെ നിര്‍ദ്ദേശ പ്രകാരം വിവിധ രാജ്യങ്ങള്‍ ഗ്രീന്‍ എനര്‍ജി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നത്. ഇതിന്റെ ഭാഗമാണ് സോളാര്‍ പദ്ധതികള്‍. ഫോസില്‍ ഇന്ധനം കത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നതിന് പരിഹാരമാണ് ഇത്തരം ഹരിതഗൃഹ വാതകങ്ങള്‍ പുറപ്പെടുവിക്കാത്ത Green എനര്‍ജി സോഴ്‌സുകള്‍. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലും കുറയ്ക്കാനാകുമായിരുന്നു.
ഇന്നലെ നടന്ന തെളിവെടുപ്പില്‍ പതിവിനു വിപരീതമായി നിരവധി പേരാണ് എത്തിയിരുന്നത്. സോളാര്‍ വൈദ്യുതി ഉത്പാദകരും കമ്പനി പ്രതിനിധികളും ഉള്‍പ്പെടെ നൂറോളം പേരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. ചെറിയ ഹാളില്‍ ഇവരെ ഉള്‍ക്കൊള്ളാനാകാതെ വന്നതോടെ ബഹളമായി. തെളിവെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരുസംഘം ഉന്നയിച്ചു. വിശദമായ തെളിവെടുപ്പ് പിന്നീട് നടത്താമെന്നായി കമ്മിഷന്‍. ഇക്കാര്യത്തില്‍ കമ്മിഷന്‍ ഉറപ്പുവേണമെന്നും തെളിവെടുപ്പിനെത്തിയവര്‍ ആവശ്യപ്പെട്ടു.
ബോര്‍ഡ് നിലവില്‍ ബില്ലിങ് രീതി മാറ്റുന്ന ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും ആവശ്യമുന്നയിച്ചാല്‍ എല്ലാവരുടേയും വാദം കേട്ടുമാത്രം തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ പറഞ്ഞു. ബില്ലിങ് രീതി മാറ്റുന്നതിനോട് തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ യോജിച്ചില്ല. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതിയില്‍ ബില്ലിങ് രീതി സംബന്ധിച്ച നിര്‍വചനം ഉള്‍പ്പെടുത്തുകയേ ചെയ്തുള്ളൂവെന്നും കമ്മിഷന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് ബില്ലിങ് നിര്‍വചനം ഉള്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ 11 ന് തുടങ്ങിയ തെളിവെടുപ്പ് വൈകിട്ട് ഏഴുവരെ നീണ്ടു. ഇന്നും റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഈ വിഷയത്തെ കുറിച്ചല്ല. കെ.എ്‌സ്.ഇ.ബിയും റബര്‍ പാര്‍ക്കും തമ്മിലുള്ള പരാതിയാണ് പരിഗണിക്കുന്നത്.
പരിസ്ഥിതി, കാലാവസ്ഥാ വാര്‍ത്തകള്‍ അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് GROUP ല്‍ ജോയിന്‍ ചെയ്യുക
Image Credit : solarric.com