kerala weather 08/03/24: ഇന്നലെ സീസണിലെ ഏറ്റവും കൂടിയ ചൂട്, ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ
ദക്ഷിണേന്ത്യയില്‍ കടുത്ത ചൂട് തുടരവെ കേരളത്തിലും സീസണിലെ ഏറ്റവും കൂടിയ ചൂട് റെക്കോര്‍ഡ് ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്റ്റേഷനായി പാലക്കാട് മാറി. ഈ സീസണിലെ ഏറ്റവും കൂടിയ ചൂടാണ് പാലക്കാട്ടെ കാലാവസ്ഥാ വകുപ്പിന്റെ മാപിനിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. 39.7 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ പകലിലെ കൂടിയ താപനിലയായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടിയ ചൂട് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ്. 40.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ റെക്കോര്‍ഡ് ചെയ്തത്.
പാലക്കാട്ട് ഏഴിടത്ത് 40 ഡിഗ്രി കടന്നു
അതേസമയം, കേരളത്തിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനുകളില്‍ ( AWS) ചൂട് പലയിടത്തും 40 ഡിഗ്രിക്ക് മുകളിലാണ്. ചൂടിന്റെ കാര്യത്തില്‍ AWS കളിലെ ഡാറ്റ തെറ്റാണോയെന്ന് സംശയമുണ്ട്. പാലക്കാട് ജില്ലയിലെ കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ ഏഴിടങ്ങളില്‍ 40 ഡിഗ്രിക്കു മുകളില്‍ ചൂട് രേഖപ്പെടുത്തി. കൊല്ലങ്കോട്, പോത്തുണ്ടി ഡാം, മംഗലം ഡാം, മലമ്പുഴ ഡാം, മങ്കര, വണ്ണമല, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് 40 ഡി്ഗ്രിയും കടന്നത്.
നിലവില്‍ ഇവയിലെ ഡാറ്റ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക ഡാറ്റയായി ഉള്‍പ്പെടുത്തുന്നില്ല. ഉപകരണങ്ങളുടെ സര്‍വിസിന് വേണ്ടി കാലാവസ്ഥാ വകുപ്പ് അവ സ്ഥാപിച്ച കമ്പനികളുമായി ബന്ധപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ കാലാവസ്ഥാ വകുപ്പ് ഇന്നലെ ഏഴു ജില്ലകളില്‍ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഒരു ജില്ലയിലും നിലവില്‍ അലര്‍ട്ടില്ല.
കേരളത്തേക്കാള്‍ ഇന്ന് ചൂട് കൂടുതല്‍ തമിഴകത്ത്
കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളിലും പകല്‍താപനില വര്‍ധിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്. ഇന്നലത്തെ അപേക്ഷിച്ച് കേരളത്തില്‍ ഇന്ന് പൊതുവെ ചൂട് അല്‍പം കുറയാനാണ് സാധ്യത. ഇന്നത്തെ ചൂട് കൂടുതലും തമിഴ്‌നാട് കേന്ദ്രീകരിച്ചാകും. കോയമ്പത്തൂര്‍, ഈറോഡ്, സേലം, നാമക്കല്‍, തിരുപ്പൂര്‍, അവിനാശി, മധുരൈ, തിരുനെല്‍വേലി, മേഖലകളില്‍ ഇന്ന് പകല്‍ താപനില 36 നും 40 ഡിഗ്രിക്കും ഇടയിലാകും അനുഭവപ്പെടുക. കര്‍ണാടകയുടെ തെക്കുകിഴക്ക് മേഖല, ഇടനാട് മേഖല, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ചൂട് 40 ഡിഗ്രി വരെ എത്തും.
കേരളത്തില്‍ ഇന്നത്തെ ചൂട് ഇങ്ങനെ
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് (08/03/24) ലെ ചൂട് താഴെപറയും പ്രകാരമാകും അനുഭവപ്പെടുകയെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. പാലക്കാട് ജില്ലയി്ല്‍ ഇന്നും താപനില 40 ഡിഗ്രിവരെ എത്തും. കോയമ്പത്തൂര്‍- ഈറോഡ് ബെല്‍്റ്റിലെ ചൂടാണ് പാലക്കാട്ടേക്കും വ്യാപിക്കുന്നതെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറ്ഞ്ഞു.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരം മുതല്‍ മലപ്പുറം ഇടനാട് മേഖല, പാലക്കാട് വഴി തൃശൂര്‍ വരെയുള്ള മേഖലയിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ ഇടനാട് മുതല്‍ കോട്ടയം, പത്തനംതിട്ട, കൊല്ലം കിഴക്കന്‍ മേഖല വഴി തിരുവനന്തപുരം വരെയും 36 നും 40 ഡിഗ്രിക്കും ഇടയില്‍ താപനില രേഖപ്പെടുത്തും.