കേരളത്തില്‍ ഒരാഴ്ച്ചത്തെ മഴ തകര്‍ത്ത റോഡ് പുനര്‍നിര്‍മിക്കാന്‍ 853 കോടി വേണം
ചുരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ ജൂലൈ അവസാന വാരത്തിലെ കനത്ത മഴയില്‍ കേരളത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്നത് നേരെയാക്കാന്‍ 852.78 കോടി രൂപ വേണം. പൊതുമരാമത്ത് വകുപ്പിന്റേതാണ് കണക്ക്. ചൂരല്‍മലയിലെ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ 15 കോടി രൂപവേണം. ബെയ്‌ലി പാലം താല്‍ക്കാലികമാണ്.
റോഡുകളില്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞു. നാശനഷ്ടങ്ങളേറെയും മലബാറിലെ ജില്ലകളിലാണ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഏകദേശം 832 കോടിയുടെ നഷ്ടം ഈ ജില്ലകളിലുണ്ടായെന്നാണ് കണക്ക്. തെക്കന്‍ ജില്ലകളിലെ നഷ്ടം 20 കോടിയെന്നാണ് കണക്കുകള്‍.
റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് പ്രധാനമായും തകര്‍ന്നത്. നബാര്‍ഡ്, റീബില്‍ഡ് കേരളവഴി പുനര്‍ നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുകയാണ് സാമ്പത്തിക പ്രതിസന്ധിയിലുള്ള സര്‍ക്കാരിനു മുന്നിലെ ഏക വഴി. ഓണക്കാലം കഴിച്ചുകൂട്ടാനുള്ള സാമ്പത്തിക സ്ഥിതി പോലും സര്‍ക്കാരിനില്ല. ഇതിനിടെയാണ് പ്രകൃതിക്ഷോഭം മൂലം വലിയ ബാധ്യത വരുന്നത്.
വിവിധ ജില്ലകളിലെ നാശനഷ്ടങ്ങള്‍ പരിശോധിച്ച് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് പുനര്‍നിര്‍മാണ ചെലവ് കണക്കാക്കിയത്. മരാമത്ത് വകുപ്പിന്റെ റോഡ് വിഭാഗത്തിനുമാത്രം 532 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. റോഡുകള്‍ പലതും പുനര്‍നിര്‍മിക്കണം. അതിനായി 780.01 കോടി ചെലവഴിക്കണം.
ദേശീയപാത വിഭാഗത്തിന് 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. മരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗത്തിന് 40 ലക്ഷം, പാലങ്ങളുടെ വിഭാഗം 34.56 കോടി, കേരള റോഡ് ഫണ്ട് ബോര്‍ഡിന് 37.61 കോടി എന്നിങ്ങനെയാണ് പുനര്‍നിര്‍മാണത്തിന് ചെലവഴിക്കേണ്ട തുക.
വാട്സാപ്പിൽ Update ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക