മഴ: വെള്ളിയാഴ്ചത്തെ അവധി ഈ ജില്ലകളിൽ; കെടുതികൾ തുടരുന്നു
കനത്ത മഴയും പ്രാദേശിക പ്രളയക്കെടുതികളും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ നാളെ (28/06/24) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച കലക്ടർ ജില്ലാ കലക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇവിടെയും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കനത്ത മഴ സാധ്യതാ പ്രവചനത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അലർട്ട്. വെള്ളിയാഴ്ച 9 ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ബുധനാഴ്ച 3 പേരാണ് മരിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത തുടരണമെന്നു നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാരോടു ജില്ലാ കലക്ടർ നിർദേശിച്ചു. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിരപ്പു കടന്നിട്ടില്ല. കോട്ടയം–കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്തു മീനച്ചിലാറിന്റെ തീരത്ത് മരം ആറ്റിലേക്കു കടപുഴകി വീണു. കോട്ടയം–കുമരകം റോഡിൽ വിള്ളലുണ്ടായി. ഇവിടെ ആറ്റിലേക്കു മണ്ണിടിച്ചിലുമുണ്ടായി. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
കറുകച്ചാൽ – മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിനു സമീപം കടപുഴകി വീണ മരം മുറിച്ച് നീക്കുന്നതിനിടെ രക്ഷാ സേനാംഗത്തിന് പരുക്കേറ്റു. പാമ്പാടി അഗ്നിരക്ഷാ യൂണിറ്റിലെ സീനിയർ ഫയർ ഓഫിസർ ആർ.രഞ്ജു (38)ന് മെഷീൻവാൾ കൊണ്ട് ഇടതുകാലിന്റെ മുട്ടിനു മുകളിൽ പരുക്കേറ്റത്.
ഇടുക്കിയില്‍ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കണ്ണൂർ ഇരിക്കൂറിൽ പെരുവളത്ത് മാണിക്യത്തിന്റെ വീട് കനത്ത മഴയിൽ തകർന്നു. വീടിനുള്ളിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 1.41 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി റവന്യു വകുപ്പിൻ്റെ റിപ്പോർട്ട്. 14.15 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെ നഷ്ടം ബാധിച്ചിട്ടുണ്ട്.
വാഴ കൃഷിയെയാണ് മഴ ഏറെ ബാധിച്ചത്. 11.54 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി മഴയിൽ നശിച്ചു. 1.05 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും 0.16 ഹെക്ടർ പ്രദേശത്തെ നാളികേര കൃഷിയും മഴയില്‍ നശിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. 15 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.
കുറ്റ്യാടി ചുരം റോഡ് തുടങ്ങുന്ന ഭാഗത്ത് മണ്ണിടിഞ്ഞു. മണ്ണും മാലിന്യം നിറഞ്ഞ ചാക്കുകളും മഴയിൽ ഒലിച്ചുവന്ന് ഓവുചാലുകൾ അടഞ്ഞിട്ടുണ്ട്. മഴ ശക്തമായാൽ ഗതാഗതം തടസ്സപ്പെടാനിടയുണ്ട്. ഓവുചാലുകൾ വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി.