kerala rain forecast 28/02/25 : നാളെ ഏതാനും ജില്ലകളിൽ മഴ സാധ്യത, മേഘങ്ങൾ ശ്രീലങ്കക്ക് അരികെ
കേരളത്തിൻ്റെ ചില ഭാഗത്ത് ചൂട് കത്തി നിൽക്കെ, കേരളത്തിലുൾപ്പെടെ മഴ സാധ്യത. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ വേനൽക്കാലം തുടങ്ങുന്ന മാർച്ച് തുടക്കം മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ടെന്ന് Metbeat Weather സൂചിപ്പിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള കാലാവസ്ഥ ഏജൻസികളും നാളെ മുതൽ കേരളത്തിൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട്.
ചൂട് 40 ഡിഗ്രിയിൽ തുടരുന്നു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തിൽ വിവിധ ഇടങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുകയാണ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസവും രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 40 ഡിഗ്രിക്ക് പുറത്ത് ചൂട് കണ്ണൂരിൽ രേഖപ്പെടുത്തിയിരുന്നു.
പൂഞ്ഞാറിൽ 40 ഡിഗ്രി
കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരവും ഇന്ന് രാജ്യത്തെ ഏറ്റവും ചൂടു രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. 39.8 ഡിഗ്രി സെൽഷ്യസ്. തുടർച്ചയായ നാലാം ദിവസമാണ് കണ്ണൂർ വിമാനത്താവളത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്.

ഇന്ന് കണ്ണൂരിനൊപ്പം പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലും 40 ഡിഗ്രിക്ക് അടുത്തെത്തി. പൂഞ്ഞാറിൽ മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ താപമാനിയിൽ 40 ഡിഗ്രി താപനില ഇന്ന് (വ്യാഴം) രേഖപ്പെടുത്തി.
തെക്കേക്കര ടൗൺ റഫറൻസ് സെൻ്ററിലെ താപമാനിയിലാണ് ചൂട് നാല്പത് ഡിഗ്രി രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ തിടനാട് മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൂടുകൂടിയത്. കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ജില്ലയിലും മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി കടന്നു.
മഴ വരുന്നു, ഉടൻ
തെക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ മാർച്ച് 1 മുതൽ ലഭിച്ചു തുടങ്ങും. ശ്രീലങ്കക്ക് സമീപം അന്തരീക്ഷച്ചുഴി രൂപപ്പെടുന്നതാണ് മഴക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്ന് ആൻഡമാൻ കടലിലും ദ്വീപിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴ സാധ്യത.
നാളെ (വെള്ളി ) മഴ സാധ്യത
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഴ സാധ്യത. തമിഴ്നാട്ടിലെ കന്യാകുമാരി ഉൾപ്പെടെ മേഖലകളിലും മഴ ലഭിക്കും. പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം മഴമേഘങ്ങൾ ശ്രീലങ്കക്ക് സമീപമുണ്ട്. ഇവയിൽ ചിലത് കേരളത്തിൽ കരകയറും. എന്നാൽ വെള്ളിയാഴ്ച വടക്കൻ കേരളത്തിൽ കാലാവസ്ഥ തുടരാനാണ് സാധ്യത.