kerala rain forecast :ചൂടിന് ആശ്വാസമായി മഴ വരുന്നു, എപ്പോള്‍ എവിടെ എന്നറിയാം
വേനല്‍ക്കാലത്തെ അനുസ്മരിപ്പിച്ച് ചുട്ടുപൊള്ളിയ ഫെബ്രുവരി അവസാന ആഴ്ചയിലെത്തുമ്പോള്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷ. ഫെബ്രുവരി 23 ന് ശേഷം കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ 25 ന് ശേഷം കൂടുതല്‍ പ്രദേശങ്ങളിലും മാര്‍ച്ച് 1 മുതല്‍ 10 വരെ കേരളത്തില്‍ മിക്കയിടങ്ങളിലും മഴക്ക് അനുകൂല സാഹചര്യം ഒരുങ്ങും.
വെതര്‍ സിസ്റ്റം ഇല്ലാത്ത ഫെബ്രുവരി
ശീതകാല മഴയുടെ സീസണണാണ് ഫെബ്രുവരി. ഫെബ്രുവരിയില്‍ ആണ് കേരളത്തില്‍ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന മാസം. അതിനാല്‍ ഏതാനും മില്ലി മീറ്റര്‍ മാത്രമാണ് സംസ്ഥാന ശാരാശരി സാധാരണ മഴ. ഈ അളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ഈ ഫെബ്രുവരിയില്‍ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിച്ചത്. എന്നാല്‍ ഫെബ്രുവരി 20 വരെ ഏതാണ്ട് പൂര്‍ണമായി വരണ്ട കാലാവസ്ഥയാണ് കേരളത്തില്‍ അനുഭവപ്പെട്ടത്.
ഇനിയുള്ള ദിവസങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചാലേ പ്രവചനം ശരിയാകൂ. ഫെബ്രുവരിയിലെ ആദ്യ ആഴ്ചകളില്‍ മഴ കുറയാന്‍ കാരണം കേരളവുമായി ബന്ധപ്പെട്ട വെതര്‍ സിസ്റ്റങ്ങള്‍ ഇല്ലാത്തതായിരുന്നു. എന്നാല്‍ ഫെബ്രുവരി 25 ന് ശേഷം കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നിരീക്ഷകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ 22 മുതല്‍ തന്നെ ഈ മാറ്റങ്ങള്‍ ദൃശ്യമാണ്.
കേരളത്തില്‍ നിന്ന് ന്യൂനമര്‍ദ പാത്തി
വടക്കന്‍ കേരളം മുതല്‍ മധ്യ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമര്‍ദപാത്തി കേരളത്തില്‍ മഴക്കുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലാണ് ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടത്.
വടക്കന്‍ കേരളത്തില്‍ മഴ ലഭിച്ചു
വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ ഇന്ന് മഴ റിപ്പോര്‍ട്ട് ചെയ്തു. മുക്കത്ത് ഏതാനും കിലോമീറ്റര്‍ പ്രദേശത്താണ് മഴ ലഭിച്ചത്. അര മണിക്കൂറോളം നീണ്ട ഇടത്തരം മഴയാണ് ഇവിടെ ലഭിച്ചത്.
കോഴിക്കോട് ജില്ലയിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും മേഘസാന്നിധ്യം ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരമുണ്ട്. രാത്രിയോടെ ഇത് ഒന്നിലേറെ സ്ഥലങ്ങളില്‍ മഴ നല്‍കിയേക്കും. ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനമാണ് ഇന്ന് വടക്കന്‍ കേരളത്തില്‍ മഴക്ക് കാരണമായത്. കണ്ണൂരിലെ പന്നിയൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലും മഴ ലഭിച്ചു.
മഴ തെക്കോട്ടും
തെക്കന്‍, മധ്യ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ രാത്രിയും പുലര്‍ച്ചെയും നേരിയ മഴ സാധ്യത. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ ഏതാനും ദിവസം കൂടി കാത്തിരിക്കണം. കോട്ടയത്തെ പൂഞ്ഞാറിലും തിടനാട്ടും മഴ ലഭിച്ചു.

എം.ജെ.ഒ പസഫിക്കില്‍
ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) നിലവില്‍ ഫേസ് 4 ല്‍ മാരിടൈം കോണ്ടിനന്റിലാണുള്ളത്. ഇക്കാരണത്താല്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളിലും മഴ തുടരും. ഇന്തോനേഷ്യയില്‍ പരക്കെയെന്നോണം ഇടിയോടെ മഴയുണ്ടാകും. ഇവിടെ മഴ സജീവമായതിനാലാണ് ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും മഴ കുറയുന്നത്. എം.ജെ.ഒ വീണ്ടും കിഴക്കോട്ട് നീങ്ങുന്നതോടെ കേരളത്തില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കര്‍ണാടകയിലും മഴ
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. ഇന്ന് ഇടിയോടെ കനത്ത മഴക്ക് ഇവിടെ സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പ് കര്‍ണാടകയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ വേനല്‍ മഴ സാധാരണയില്‍ കൂടുതല്‍ ലഭിക്കുമെന്നാണ് പ്രവചനം. ഫെബ്രുവരിയില്‍ ചൂട് സാധാരണയേക്കാള്‍ കൂടും.