kerala weather 01/11/24: കേരളത്തിൽ 22% മഴ കുറവ് ; ഇന്നു മുതൽ മഴ ശക്തിപ്പെടും

kerala weather 01/11/24: കേരളത്തിൽ 22% മഴ കുറവ് ; ഇന്നു മുതൽ മഴ ശക്തിപ്പെടും

കേരളത്തിൽ തുലാവർഷം ഒരു മാസം പിന്നിടുമ്പോൾ 22 ശതമാനം മഴക്കുറവ് നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നുമുതൽ വീണ്ടും തുലാവർഷം (North East monsoon) ശക്തിപ്പെടാൻ സാധ്യത. ഇക്കാര്യം കഴിഞ്ഞ ആഴ്ചകളിൽ Metbeat Weather സൂചിപ്പിച്ചിരുന്നു. ദന ചുഴലിക്കാറ്റിന് ( Cyclonic Storm Dana) ശേഷം കേരളത്തിലുൾപ്പെടെ കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് മഴ കുറയാൻ കാരണം. ഇതിവിടെ, ചൂട് കൂടുകയും അന്തരീക്ഷ വായു ഗുണനിലവാരം (Air Quality index) കുറയുകയും ചെയ്തിരുന്നു.

ദന ചുഴലിക്കാറ്റ് കര കയറിയ (landfall ) ശേഷം ദക്ഷിണേന്ത്യയിലെ ഈർപ്പത്തിന്റെ സ്വാധീനം (moisture transport) ഗണ്യമായ തോതിൽ കുറഞ്ഞു. കൂടാതെ ഉത്തരേന്ത്യൻ വരണ്ട കാറ്റിന്റെ (dry wind ) സ്വാധീനവും കേരളത്തിലും തമിഴ്നാട്ടിലും അനുഭവപ്പെട്ടു. ഈ കാരണങ്ങളാണ് മഴ കുറയാനും മോശം അന്തരീക്ഷ വായു നിലവാരത്തിലേക്ക് എത്താനും കാരണമായത്. കേരളത്തിൽ വീണ്ടും മഴ ലഭിക്കുമെങ്കിലും ഇന്നുകൂടി മോശം അന്തരീക്ഷവായു നിലവാരം തുടരാനാണ് സാധ്യത.

കാലവർഷക്കാറ്റ് ബംഗാൾ ഉൾക്കടലിൽ (bay of bengal ) നിർജീവമായതോടെയാണ് മഴ കുറഞ്ഞത്. ദന കരകയറുന്നതിന് മുൻപ് ഏതാനും ദിവസം കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ നൽകിയിരുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനം പൂർണമായി വിടവാങ്ങി കാറ്റിന്റെ ഗതിയിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയതോടെയാണ് വീണ്ടും മഴ സാധ്യത ഉരുത്തിരിയുന്നത്.

ഇതിന് കാരണം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദങ്ങളും (low pressures) മറ്റു അന്തരീക്ഷ പ്രതിഭാസങ്ങളും ആണെന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞങ്ങളുടെ വിദഗ്ധർ സൂചന നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഇതു സംബന്ധിച്ച അവലോകന റിപ്പോർട്ട് താഴെ വായിക്കാം.

അത്തരത്തിലുള്ള അന്തരീക്ഷ പ്രതിഭാസത്തിലേക്കാണ് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൻ്റെതടക്കമുള്ള ദക്ഷിണേന്ത്യയുടെ കാലാവസ്ഥ ഇന്നു മുതൽ മാറുന്നത്.

ഇതുപ്രകാരം രാത്രിയിലും പുലർച്ചയുമായി ചില പ്രദേശങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. കിഴക്കൻ മലയോര മേഖലകളിൽ വെള്ളക്കെട്ടുകൾ, മലവെള്ളപ്പാച്ചിലുകൾ ഇനിയുള്ള ദിവസങ്ങളിൽ കരുതണം. രാത്രി വൈകി മലയോര മേഖലകളിലെ യാത്രകളിൽ സുരക്ഷ ഉറപ്പുവരുത്തണം. ഇടിയോടുകൂടിയുള്ള മഴ കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും ലഭിക്കും.

കേരളത്തിൽ മഴ 22% കുറഞ്ഞു

ഒക്ടോബർ ഒന്നു മുതൽ പെയ്യുന്ന മഴയാണ് തുലാവർഷത്തിന്റെ കണക്കിൽ ഉൾപ്പെടുത്തുന്നത്. ഇന്നലെവരെ സംസ്ഥാനത്ത് 22 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച മഴ ഗണ്യമായി കുറഞ്ഞതാണ് ഇത്രയും മഴ കുറവിലേക്ക് നയിച്ചത്. ഒരാഴ്ച മുമ്പ് വരെയുള്ള കണക്കുകൾ അനുസരിച്ച് സാധാരണ തോതിൽ മഴ കേരളത്തിൽ ലഭിച്ചിരുന്നു. ഒക്ടോബർ മാസത്തിൽ കേരളത്തിൽ 306 mm മഴ ലഭിക്കേണ്ടതിന് പകരം 240 mm മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 311 mm ( 1% കൂടുതൽ ) ലഭിച്ചിരുന്നു.

കാലവർഷം കൂടിയയിടത്ത് തുലാവർഷം കുറഞ്ഞു

28% അധിക മഴ ലഭിച്ച കോഴിക്കോടാണ് ഇത്തവണ ഏറ്റവും മുന്നിൽ (375 mm). 16 % അധിക മഴയോടെ തിരുവനന്തപുരം ( 310mm) രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും മഴക്കുറവ് കാസർകോട്ടാണ്. 49% മഴയാണ് ഇവിടെ കുറഞ്ഞത്. കാലവർഷ മഴയുടെ കണക്കിൽ (ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ) കാസർകോട് രണ്ടാം സ്ഥാനത്തായിരുന്നു. കണ്ണൂർ ആയിരുന്നു സെപ്റ്റംബർ 30ന് അവസാനിച്ച കാലവർഷ കലണ്ടറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല. രണ്ടാം സ്ഥാനമാണ് കാസർകോടിന് ഉണ്ടായിരുന്നത്.

ചാർട്ട് കടപ്പാട് : രാജീവൻ എരിക്കുളം

എന്നാൽ ഒക്ടോബർ മുതൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായി. കാസർകോട് ഇതുവരെ 121 mm മഴയാണ് ലഭിച്ചത്. കാലവർഷ മഴ കണക്കിൽ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന തിരുവനന്തപുരമാണ് ഒക്ടോബർ മാസത്തിൽ അതായത് തുലാവർഷത്തിന്റെ ആദ്യപാദത്തിൽ മുന്നിട്ടുനിൽക്കുന്നത്.

എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും സാധാരണ ഒക്ടോബർ മാസത്തിൽ ലഭിക്കുന്ന മഴയെക്കാൾ വളരെ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഒക്ടോബർ മാസത്തിലെ മഴ വിതരണത്തെ (rainfall distribution) പ്രധാനമായും ബാധിച്ചത് ദന ചുഴലിക്കാറ്റിന്റെ സ്വാധീനമാണ്. ഒക്ടോബർ 15നാണ് കേരളത്തിൽ തുലാവർഷം (North East Monsoon – NEM) എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്.

നവംബറിൽ കൂടുതൽ മഴ

ഒക്ടോബറിൽ മഴക്ക് കാരണം ചുഴലിക്കാറ്റ് സ്വാധീനമായിരുന്നെങ്കിൽ സ്വാഭാവികമായ കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതാണ് നവംബറിൽ മഴക്ക് കാരണമാവുക. നവംബർ മാസത്തിൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് Metbeat Weather കണക്കുകൂട്ടുന്നത്. നവംബർ ആദ്യവാരം ശ്രീലങ്കക്ക് സമീപമായി ചക്രവാതചുഴി (Cyclonic Circulation) രൂപപ്പെടുകയും അത് കന്യാകുമാരി കടൽ വഴി അറബി കടലിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇത് തുലാവർഷക്കാറ്റിനെ സജീവമാക്കി നിർത്തും.

പസഫിക് സമുദ്രത്തിലെ മാറ്റങ്ങളാണ് പ്രധാനമായും തുലാവർഷത്തെ ബാധിക്കുന്നത്. അത്തരത്തിലുള്ള സൂചനകളും അവിടെ ദൃശ്യമാണ്. കേരളത്തിൻ്റെ എല്ലാ ജില്ലകളിലും തുലാവർഷമഴ ലഭിക്കും. എന്നാൽ പൊതുവേ മഴ കുറയുക വടക്കൻ ജില്ലകളിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി വടക്കൻ ജില്ലകളിൽ തുലാവർഷം കുറയുകയും കാലവർഷം കൂടുതൽ ലഭിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ആണുള്ളത്. പൊതുവേ തെക്കൻ ജില്ലകളെ അപേക്ഷിച്ച് തുലാവർഷം മഴ ഏറ്റവും കുറവ് ലഭിക്കുന്നതും വടക്കൻ കേരളത്തിലാണ്. എന്നിരുന്നാലും വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ രാത്രിയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ ഓരോ ദിവസത്തെയും കാലാവസ്ഥ അപ്ഡേറ്റുകളിൽ മനസ്സിലാക്കുക. അതിനായി ഞങ്ങളുടെ താഴെ കൊടുത്ത വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.

Join our WhatsApp Channel

മെറ്റ്ബീറ്റ് ന്യൂസിന്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ ഒപ്പം ഞങ്ങളുടെ ജന്മദിന ആശംസകളും നേരുന്നു

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment