kerala weather 09/06/24 : മേഘ വിസ്ഫോടനവും തീവ്ര മഴയും പെയ്തിട്ടും മഴക്കുറവിൽ കേരളം

kerala weather 09/06/24 : മേഘ വിസ്ഫോടനവും തീവ്ര മഴയും പെയ്തിട്ടും മഴക്കുറവിൽ കേരളം

മേഘ വിസ്ഫോടനവും തീവ്ര മഴയും പെയ്തിട്ടും കേരളത്തിൽ മഴ കുറവ് തുടരുന്നു. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരം മുതൽ മധ്യകേരള തീരം വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തി (Trough) വടക്കൻ ജില്ലകളിലും കർണാടകയുടെ തീരദേശങ്ങളിലും കൊങ്കൺ മേഖലയിലും ഇന്നും മഴ ശക്തിപ്പെടുത്തുമെന്ന് Metbeat Weather പറഞ്ഞു.

ഇന്നലെയും കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഗോവക്ക് സമീപം നിലനിന്നിരുന്ന അപ്പർ എയർ സർക്കുലേഷൻ (UAC) കാരണം കേരളത്തിലേക്ക് കൂടുതൽ മൺസൂൺ കാറ്റ് കേന്ദ്രീകരിക്കപ്പെട്ടതാണ് മഴക്ക് കാരണം. എന്നാൽ ഇന്ന് ഈ സർക്കുലേഷൻ ഏറെക്കുറെ ദുർബലമായി.

സൗരാഷ്ട്ര മേഖലയിൽ ഒരു ചക്രവാത ചുഴി (Cyclonic Circulation) അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം മഹാരാഷ്ട്ര കേരള തീരത്തേക്കുള്ള ന്യൂനമർദ്ദ പാത്തിയും അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് ( 0.9 KM) സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ കാലവർഷക്കാറ്റിന്റെ സ്വാധീനം മെച്ചപ്പെട്ട് വരികയാണ്.

ഈ കാരണങ്ങളാൽ മലപ്പുറത്തിന് വടക്കോട്ടുള്ള ജില്ലകളിലും തീരദേശ കർണാടകയിലും കൊങ്കൺ മേഖലയിലും മഴ ഇന്നും കനത്തു പെയ്യും. കേരളത്തിൽ ഉച്ചക്ക് ശേഷമാണ് മഴ കൂടുതൽ പ്രതീക്ഷിക്കേണ്ടത്. കൊങ്കൺ തീരത്ത് രാവിലെ മുതൽ തന്നെ മഴയുണ്ടാകും.

മഹാരാഷ്ട്രയിലെ മുംബൈയിലും ഇന്ന് മഴ പ്രതീക്ഷിക്കാം. ഇന്നലെ പൂനെയിൽ അതിശക്തമായ മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഈ മേഖലയിൽ മഴയുടെ ശക്തി കുറയും. മഹാരാഷ്ട്രയിലെ പാൽഘാറിൽ ഇന്നു രാവിലെ മുതൽ മഴയുണ്ടാകും.

കേരളത്തിൽ മഴക്കുറവ്

മണ്‍സൂണ്‍ 8 ദിവസം പിന്നിടുമ്പോള്‍ 32 % മഴക്കുറവാണ് കേരളത്തിലുള്ളത്. ഇതോടൊപ്പം ഡാമുകളിലേക്കുള്ള വെള്ളത്തിൻ്റെ ഒഴുക്കും കുറഞ്ഞു. പ്രതീക്ഷിച്ചതിന്റെ 60 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഇതുവരെ ഒഴുകിയെത്തിയത്. ജൂണ്‍ മുതല്‍ ഇന്നലെ വരെ 151.55 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും 94.74 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് എത്തിയത്.

11 ജില്ലകളിൽ മഴക്കുറവ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 11 ജില്ലകളില്‍ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഈ ദിവസങ്ങളിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചത്. മഴക്കുറവിൽ ഏറ്റവും മുന്നിൽ കൊല്ലം ജില്ലയാണ്. 64 ശതമാനം മഴക്കുറവ് കൊല്ലത്തുണ്ട്. നേരത്തെ തിരുവനന്തപുരം ജില്ലയായിരുന്നു മഴക്കുറവിൽ മുന്നിൽ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പെയ്ത മഴയാണ് കൊല്ലത്തിന് ഒന്നാം സ്ഥാനം സമ്മാനിച്ചത്.

മറ്റു ജില്ലകളിലെ മഴക്കുറവ്

മറ്റ് ജില്ലകളിലെ മഴക്കുറവ് ഇങ്ങനെയാണ്. ആലപ്പുഴ 55%, കണ്ണൂര്‍ 52%, എറണാകുളം 30%, ഇടുക്കി 31%, കാസര്‍കോട് 56%, കോഴിക്കോട് 51%, പാലക്കാട് 24%, പത്തനംതിട്ട 40%, തിരുവനന്തപുരം 56%, വയനാട് 20 ശതമാനം.

ജലശേഖരം കുറഞ്ഞു

ജൂണ്‍ ഒന്നിന് ജലശേഖരം ശേഷിയുടെ 28% ആയിരുന്നെങ്കില്‍ ഇന്നലെ 26 ശതമാനമായി. 1168.82 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ജൂണ്‍ ഒന്നിന് ഡാമുകളിൽ ഉണ്ടായിരുന്നത്. എന്നാൽ 1084.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് ഇന്നലത്തെ ശേഖരം. ഇന്നലത്തെ കണക്ക് അനുസരിച്ച് 2329.34 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

വൈദ്യുതി ഉപഭോഗം കുറഞ്ഞു

മഴ തുടരുന്നതും ചൂട് കുറഞ്ഞതുമായ സാഹചര്യത്തിൽ പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞുനില്‍ക്കുന്നതാണ് വൈദ്യുതിവകുപ്പിന് ഏക ആശ്വാസം. 84.3774 ദശലക്ഷം യൂനിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ ഉപയോഗം. ഇതില്‍ 27.23 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചതായിരുന്നു. 57.139 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും വാങ്ങി.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment