മിഥുനം പിന്നിട്ട് നാളെ കർക്കിടകം പിറക്കുമ്പോൾ കേരളത്തിൽ മിക്കയിടത്തും മഴ വിട്ടു നിൽക്കാൻ സാധ്യത. കർക്കിടക വാവുമായി ബന്ധപ്പെട്ട് ബലിതർപ്പണം നടക്കുന്നയിടങ്ങളിലും മഴ വിട്ടുനിന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് നാളെ രാവിലെ മഴക്ക് സാധ്യതയുള്ളത്. കണ്ണൂർ, കോഴിക്കോട് തീരത്ത് നേരിയ മഴ സാധ്യതയും നാളെ രാവിലെ 9 വരെയുണ്ട്.
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് കർക്കിടകം പുണ്യമാസമാണ്. രാമായണ മാസമായും കർക്കിടകം ആചരിക്കപ്പെടുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയാണ് മലയാളിക്ക് കർക്കിടമാസത്തെ കുറിച്ചുള്ള ഗൃഹാതുരത്വ ഓർമകൾ. കർക്കിടകമാസവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നു. സൂര്യൻ ദക്ഷിണായന രാശിയിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.
കർക്കിടകം പിറക്കുമ്പോഴും കേരളത്തിൽ ഇടവപ്പാതി മുതലുള്ള മഴക്കുറവ് നിലനിൽക്കുകയാണ്. 36 ശതമാനം മഴക്കുറവാണ് ജൂൺ 1 മുതൽ ജൂലൈ 16 വരെ കേരളത്തിലുള്ളത്. 992.6 എം.എം മഴ ലഭിക്കേണ്ടതിനു പകരം ഈ കാലയളവിൽ 638.6 എം.എം മഴയാണ് ലഭിച്ചത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളൊഴികെ എല്ലാ ജില്ലകളിലും മഴക്കുറവാണ് രേഖപ്പെടുത്തിയത്.
നാളെ ഒരു ജില്ലയിലും കാലവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ കടലിൽ പോകുന്നതിന് വിലക്കുണ്ട്.
Visit metbeatnews.com , or metbeat.com for latest weather report