ഇനി മഞ്ഞുവീഴ്ചാ കാലം; വയനാടൻ കുളിർകാറ്റ് കൊണ്ട് ഊട്ടിയിലേക്ക് വിട്ടാലോ
ഇനി ഊട്ടിയിൽ മഞ്ഞുവീഴ്ചയുടെ കാലം. നവംബര്‍ അവസാനമായതോടെ തണുത്തുറഞ്ഞ പുലരികളെ വരവേൽക്കാൻ ആരംഭിച്ചിരിക്കുകയാണ് ഊട്ടിയും വയനാടും എല്ലാം. വയനാട്ടിലും ഊട്ടിയിലും എല്ലാം കോടമഞ്ഞും തണുപ്പും ആയി തുടങ്ങി. രണ്ട് മാസം ഇനി ഊട്ടിയുടെ പല പുലരികളും മഞ്ഞുകൊണ്ട് മൂടുന്ന മനോഹര കാഴ്ചകളായി മാറും.
ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീണത് കാന്തല്‍, റേസ്‌കോഴ്‌സ്, സസ്യോദ്യാനം, തലകുന്ത എന്നിവിടങ്ങളിലാണ്. പുലര്‍ കാലത്ത് നല്ല കുളിരും അനുഭവപ്പെടും, വയനാട്ടിലും നല്ല കോടമഞ്ഞും തണുപ്പും ആണ് പുലർകാലങ്ങളിൽ. രാത്രി തണുപ്പ് കൂടുക പകല്‍സമയത്തെ വെയിലിന്റെ കാഠിന്യം അനുസരിച്ചാണ്. ഊട്ടിയിൽ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില അഞ്ചുഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിമാസം ആദ്യവാരത്തില്‍ കുറഞ്ഞ താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തിയിരുന്നു.